ബന്ധുവാര് ശത്രുവാര്? മകളെ കെട്ടിച്ചുവിട്ടത് 40 പവന്‍ കൊടുത്ത്, പണമെല്ലാം ‘അവന്‍’ കൊണ്ടുപോയി; അറസ്റ്റിലായവര്‍ ‘പാവങ്ങളെ’ന്ന് റസീനയുടെ ഉമ്മ

കണ്ണൂര്‍: കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മന്‍സിലില്‍ റസീന (40) ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായവര്‍ നിരപരാധികളാണെന്ന് റസീനയുടെ ഉമ്മ. അറസ്റ്റിലായവര്‍ ബന്ധുക്കളാണെന്നും പ്രശ്‌നക്കാരല്ലെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞു.
സഹോദരിയുടെ മകന്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായതെന്ന് ഫാത്തിമ പറഞ്ഞു. യുവാവിനൊപ്പം കാറില്‍ കണ്ട റസീനയെ കാറില്‍ നിന്നിറക്കി സ്‌കൂട്ടറില്‍ വീട്ടില്‍ കൊണ്ടാക്കുകയാണ് അവര്‍ ചെയ്തത്. യാതൊരു പ്രശ്‌നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റസീനയ്ക്ക് അടുപ്പമുണ്ടായിരുന്ന യുവാവ് അവളെ ചൂഷണം ചെയ്യുകയായിരുന്നു. മൂന്നു വര്‍ഷമായി ബന്ധമുണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴാണ് അറിയുന്നത്.

നാല്‍പതോളം പവന്‍ സ്വര്‍ണം നല്‍കിയാണ് വിവാഹം നടത്തിയത്. ഇപ്പോള്‍ സ്വര്‍ണമൊന്നുമില്ല. കൂടാതെ പലരില്‍ നിന്നും കടം വാങ്ങിയിട്ടുമുണ്ടെന്നാണ് അറിയുന്നത്. പണം മുഴുവന്‍ കൊണ്ടുപോയത് യുവാവാണെന്നാണ് കരുതുന്നത്. ഭര്‍ത്താവ് വളരെ മാന്യനായ വ്യക്തിയാണ്. ഭര്‍ത്താവ് കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. യുവാവ് സ്ഥിരമായി റസീനയെ കാണാന്‍ വരാറുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. മയ്യില്‍ സ്വദേശിയായ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും ഫാത്തിമ പറഞ്ഞു.
റസീനയുടെ ആത്മഹത്യക്കുറിപ്പില്‍ നിന്നുള്ള സൂചന പ്രകാരമാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ മരണവുമായി ആണ്‍ സുഹൃത്തിന് ബന്ധമില്ലെന്ന് ആത്മഹത്യക്കുറിപ്പിലുണ്ടെന്നാണ് സൂചന. അതേ സമയം, ആണ്‍സുഹൃത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാളെ കണ്ടെത്തിയ ശേഷമായിരിക്കും തുടര്‍നടപടികള്‍.
ഞായറാഴ്ചയാണ് റസീനയെ യുവാവിനൊപ്പം കണ്ടതും ബന്ധുക്കള്‍ ഇടപെട്ടതും. ചൊവ്വാഴ്ച റസീനയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പറമ്പായി സ്വദേശികളായ എം.സി. മന്‍സിലില്‍ വി.സി. മുബഷീര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടി ഹൗസില്‍ വി.കെ. റഫ്‌നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് അറിയിച്ചു. യുവാവിനെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനാക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്നും ആരോപണമുയര്‍ന്നിരുന്നു.