ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് യുവതിയുടെ ആത്മഹത്യ; കുറിപ്പ് നിര്‍ണായകമായി, സുഹൃത്തിനെ ബന്ധപ്പെടാനായില്ല

കണ്ണൂര്‍: ആള്‍ക്കൂട്ട വിചാരണയെത്തുടര്‍ന്ന് ഭര്‍ത്തൃമതിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവായ സുഹൃത്തിന്റെ മൊഴിയെടുക്കാനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന ഇദ്ദേഹത്തെ പലതരത്തിലും ബന്ധപ്പെടാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കഴിഞ്ഞദിവസമാണ് പിണറായി കായലോട് പറമ്പായിയില്‍ റസീനാ മന്‍സിലില്‍ റസീനയെ (40) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍ക്കൂട്ട വിചാരണയാണ് കാരണമെന്ന ആത്മഹത്യാക്കുറിപ്പിലെ സൂചനയുടെ അടിസ്ഥാനത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ പറമ്പായിയിലെ എംസി മന്‍സിലില്‍ വി.സി. മുബഷിര്‍ (28), കണിയാന്റെ വളപ്പില്‍ കെ.എ. ഫൈസല്‍ (34), കൂടത്താന്‍കണ്ടിയില്‍ വി.കെ. റഫ്നാസ് (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്.

ഞായറാഴ്ച വൈകിട്ട് കായലോട് അച്ചങ്കര പള്ളിക്കുസമീപം കാറിനരികില്‍ റസീന സുഹൃത്തിനോട് സംസാരിച്ചുനില്‍ക്കുന്നത് ഇവര്‍ ചോദ്യംചെയ്തിരുന്നു. റസീനയെ വീട്ടിലേക്കയച്ചശേഷം ഒപ്പമുണ്ടായിരുന്ന യുവാവിനെ കൈയേറ്റം ചെയ്യുകയും കൂട്ടവിചാരണ നടത്തുകയും ചെയ്തു. എസ്ഡിപിഐ ഓഫീസില്‍ എത്തിച്ചശേഷം ഇരുവരുടെയും ബന്ധുക്കളെ വിളിച്ചുവരുത്തിയശേഷമാണ് യുവാവിനെ രാത്രി വൈകി വിട്ടയച്ചത്. യുവാവിന്റെ ഫോണും ടാബും പ്രതികളില്‍നിന്ന് പിന്നീട് പോലീസ് പിടിച്ചെടുത്തിരുന്നു.