ട്രംപും അസിം മുനീറും കൈകൊടുക്കുമ്പോള്‍ ഇന്ത്യക്ക് ആശങ്കപ്പെടാന്‍ എന്തുണ്ട്? അമേരിക്ക ലക്ഷ്യമിടുന്നത് ഇറാന്‍ യുദ്ധത്തിനായി സൈനിക താവളം; പകരം വന്‍ ഓഫറുകള്‍; പാകിസ്താന്‍ 5 അറബ് രാജ്യങ്ങളുടെ കവാടം; അഫ്ഗാന്‍ യുദ്ധത്തിനായും മണ്ണു വിട്ടുകൊടുത്തു; വരും ദിവസങ്ങളില്‍ നിര്‍ണായക നീക്കങ്ങളെന്ന് വിദഗ്ധര്‍
പാകിസ്താനും യു.എസും തമ്മില്‍ കാലങ്ങളായി നീണ്ടുനില്‍ക്കുന്ന സൗഹൃദത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്ന നീക്കമായിരിക്കും ഇത്. അസിം മുനീറിനെ കണ്ടുമുട്ടിയതിലൂടെ തനിക്ക് ആദരം ലഭിച്ചെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. മുനീറിനെ 'ബുദ്ധിമാനായ' വ്യക്തിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

ന്യൂയോര്‍ക്ക്: ജി7 ഉച്ചകോടിയില്‍നിന്ന് അപ്രതീക്ഷിതമായി മടങ്ങിയ പാകിസ്താന്‍ സൈനിക ജനറല്‍ അസിം മുനീറുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച ഇറാനെതിരായ നീക്കത്തിന്റെ ഭാഗമെന്നു വിദഗ്ധര്‍. ബുധനാഴ്ച നടത്തിയ ഉച്ച വിരുന്നിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇറാനുമായി യുദ്ധത്തിലേക്കു കടക്കുകയാണെങ്കില്‍ പാകിസ്താന്‍ ഒപ്പമുണ്ടാകണമെന്ന നിര്‍ബന്ധമാണ് ട്രംപിനെന്നു അമേരിക്കയില്‍നിന്നുള്ള ഉന്നത നയതന്ത്ര വിദഗ്ധന്‍ പറഞ്ഞു. സൈനിക താവളങ്ങള്‍, ചരക്കു കൈമാറ്റത്തിന് പാകിസ്താന്‍ അതിര്‍ത്തി തുറക്കല്‍, കടല്‍ മാര്‍ഗമുള്ള തടസം നീക്കല്‍ എന്നിവയാണു ചര്‍ച്ചയായത്. വരും ദിവസങ്ങളില്‍ പാകിസ്താന്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം തന്ത്രപരമായ മേഖലയായിട്ടാണു കണക്കാക്കുന്നത്. ഒപ്പം ചൈനയുമായുള്ള കൂട്ടുകെട്ടിനു തടയിടുകയെന്ന ലക്ഷ്യവുമുണ്ട്. പാകിസ്താനിലെ സൈനിക താവളങ്ങളിലും തുറമുഖങ്ങളിലും അമേരിക്ക പ്രവേശനം നേടിയെടുത്തതായാണ് സൂചന.
അത്യാധുനിക സൈനിക സാങ്കേതികവിദ്യയ്ക്ക് പകരമായിട്ടായിരിക്കും യുഎസ് സൈന്യത്തിന് പാകിസ്താനില്‍ നേരിട്ട് പ്രവേശനം ലഭിക്കുക. ദക്ഷിണേഷ്യയിലും പശ്ചിമേഷ്യയിലും തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്, അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും അത്യാധുനിക മിസൈലുകളും വാഗ്ദാനം ചെയ്താണ് ട്രംപ് ഈ നീക്കം നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയുമായും റഷ്യയുമായുമുള്ള ഇടപാടുകള്‍ പാകിസ്താന്‍ നിയന്ത്രിക്കുകയാണെങ്കില്‍ മാത്രമേ ഈ വാഗ്ദാനം നിലനില്‍ക്കുകയുള്ളൂ എന്നും മുനീറിനോട് ട്രംപ് വെളിപ്പെടുത്തി.

പാകിസ്താന്റെ സൈനിക ഉപകരണങ്ങളില്‍ ഏറിയ പങ്കും യുഎസ് നിര്‍മ്മിതമാണ്. ഇപ്പോഴും എഫ്-16 യുദ്ധവിമാനങ്ങള്‍, നാവിക കപ്പലുകള്‍ തുടങ്ങിയ അമേരിക്കന്‍ നിര്‍മ്മിത സംവിധാനങ്ങള്‍ പാകിസ്താന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, അടുത്തിടെ പാകിസ്താന്‍ ചൈനയുമായി കൂടുതല്‍ അടുക്കുകയും അവിടെനിന്ന് യുദ്ധവിമാനങ്ങളും മിസൈലുകളും മറ്റ് സൈനിക സംവിധാനങ്ങളും സ്വന്തമാക്കുകയും ചെയ്തു. ഭാവിയില്‍ ഇതു തടയണം എന്ന ലക്ഷ്യവും ട്രംപിനുണ്ടാകാമെന്ന് കരുതുന്നു.
ഇത് കൂടാതെ, പാകിസ്താന് വലിയ രീതിയിലുള്ള സാമ്പത്തിക സഹായവും ട്രംപ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സുരക്ഷാ, വ്യാപര കരാറുകളും പരിഗണനയിലുണ്ടെന്ന് മുനീറിനോട് ട്രംപ് പറഞ്ഞു. പാകിസ്താനും യു.എസും തമ്മില്‍ കാലങ്ങളായി നീണ്ടുനില്‍ക്കുന്ന സൗഹൃദത്തില്‍ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്ന നീക്കമായിരിക്കും ഇത്. അസിം മുനീറിനെ കണ്ടുമുട്ടിയതിലൂടെ തനിക്ക് ആദരം ലഭിച്ചെന്ന് ട്രംപ് പ്രസ്താവിച്ചിരുന്നു. മുനീറിനെ ‘ബുദ്ധിമാനായ’ വ്യക്തിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഇറാനെക്കുറിച്ചു പാകിസ്താന് അറിയാവുന്നതില്‍ കൂടുതല്‍ ആര്‍ക്കും അറിയാന്‍ സാധ്യതയില്ല. അവര്‍ക്ക് ഇസ്രായേലുമായും കാര്യമായ പ്രശ്‌നങ്ങളില്ല. അമേരിക്കയുമായുള്ള കൂട്ടുകെട്ടില്‍ പാകിസ്താനു മറ്റു പ്രശ്‌നങ്ങളില്ലെന്നാണു കരുതുന്നതെന്നും ട്രംപിന്റെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പാകിസ്താനെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഇന്ത്യയുമായുള്ള പ്രശ്‌നങ്ങളില്‍, പ്രത്യേകിച്ചു കശ്മീര്‍, അതിര്‍ത്തി കടന്നുള്ള ഭീകരവാദം, വെള്ളക്കരാര്‍ എന്നിവയില്‍ മധ്യസ്ഥത വഹിക്കാമെന്ന സൂചനയും ട്രംപ് നല്‍കിയിട്ടുണ്ട്. ഇന്ത്യയുമായുള്ള യുദ്ധം നീട്ടിക്കൊണ്ടുപോകാതിരുന്നതില്‍ അസിം മുനീറിനു ട്രംപ് നന്ദി പറയുകയും ചെയ്തിട്ടുണ്ട്.
ഇസ്ലാമിക രാജ്യങ്ങളില്‍ പാകിസ്താന്‍ മാത്രമാണ് ആണവായുധങ്ങള്‍ നിര്‍മിക്കുകയെന്ന നേട്ടത്തില്‍ എത്തിയിട്ടുള്ളത്. അമേരിക്ക, ഇന്ത്യ, ഇസ്രയേല്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവയില്‍ നിര്‍ണായക സ്ഥാനവും പാകിസ്താനുണ്ട്. അഞ്ചു രാജ്യങ്ങളുമായിട്ടാണു പാകിസ്താന്‍ അതിര്‍ത്തി പങ്കിടുന്നത്. അറേബ്യന്‍ കടല്‍ മാര്‍ഗമുള്ള നീക്കത്തിനും സാധ്യതയുണ്ട്. ലോകത്ത് മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനാകാത്ത ജിയോ പൊളിറ്റിക്കല്‍ സാധ്യതയായിട്ടാണ് ഇതു വിലയിരുത്തുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പാകിസ്താനെ മറ്റു രാജ്യങ്ങള്‍ക്ക് അവഗണിക്കാന്‍ കഴിയാത്തത് ഈ പ്രത്യേകതകൊണ്ടാണ്.
ശീതയുദ്ധത്തിലും അഫ്ഗാന്‍ യുദ്ധത്തിലും പാശ്ചാത്യ രാജ്യങ്ങളെ പിന്തുണയ്ക്കുന്നതില്‍ പാകിസ്താന്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനിലെ യുദ്ധത്തിലും അമേരിക്കയുടെ നിര്‍ണായക കേന്ദ്രമായി പാകിസ്താന്‍ മാറിയിരുന്നു. നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ക്ക് ആവശ്യമായ ആയുധങ്ങളും മറ്റും എത്തിക്കാന്‍ ഏറ്റവും അനുയോജ്യമായി ഈ സമയം ഉപയോഗിച്ചത് പാകിസ്താന്റെ മണ്ണാണ്. അമേരിക്കയില്‍നിന്നു പ്രത്യേകിച്ചു സഹായമൊന്നും ലഭിക്കാതിരുന്നിട്ടും രണ്ടു പതിറ്റാണ്ടോളം അമേരിക്കയ്ക്കു വേണ്ടി പാകിസ്താന്‍ വാതിലുകള്‍ തുറന്നിട്ടു. പാകിസ്താന്‍ ഇല്ലായിരുന്നെങ്കില്‍ അഫ്ഗാനിസ്താനിലെ അമേരിക്കയുടെ ചെലവ് മൂന്നിരട്ടിയോളം ഉയരുമായിരുന്നു.
ഇന്ത്യയുടെ നിലനില്‍പ്പ്
ഇന്ത്യക്കാര്‍ ഈ നീക്കത്തെ സംശയത്തോടെയാണു കാണുന്നത്. പ്രത്യേകിച്ച് ഇന്ത്യയുമായി നല്ല ബന്ധത്തിലല്ല പാകിസ്താന്‍ ഇപ്പോള്‍. എന്നാല്‍, അമേരിക്കയ്ക്ക് ഇത്തരം കാര്യങ്ങളില്‍ പാകിസ്താന്‍ സൈന്യത്തില്‍ വിശ്വാസമുണ്ടെന്നാണ് വിലയിരുത്തുന്നത്. തീവ്രവാദ കാര്യങ്ങളിലടക്കം പാകിസ്താന്‍ രാഷ്ട്രീയ നേതൃത്വത്തിന് ഇരട്ട നിലപാടുണ്ടെങ്കിലും സൈനിക നീക്കങ്ങളുമായി ബന്ധപ്പെട്ട് പാക് സൈന്യം വിശ്വസ്തരാണെന്നാണ് അമേരിക്കന്‍ നിലപാട്. അഫ്ഗാന്‍ നീക്കത്തിലടക്കം കടുത്ത എതിര്‍പ്പുകളെ ഇല്ലാതാക്കാന്‍ പാകിസ്താന്‍ സൈന്യം അമേരിക്കയ്ക്കു നല്‍കിയ സഹായം ചില്ലറയല്ല. ഇന്ത്യയുടെയും പാകിസ്താന്റെയും സൈനിക ഉദ്യോഗസ്ഥരെ നിരത്തി നിര്‍ത്തിയാല്‍ അമേരിക്കന്‍ ജനറല്‍മാര്‍ ആദ്യം കൈകൊടുക്കുക പാകിസ്താന്‍ സൈന്യത്തിനായിരിക്കുമെന്നു വ്യക്തമാണെന്ന് നയതന്ത്ര വിദഗ്ധനായ സയീദ് അത്ത ഹസ്‌നെയ്ന്‍ പറയുന്നു.
അഫ്ഗാനിസ്താനിലെ നീക്കങ്ങള്‍ക്കും ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിക്കും ഇറാന്‍, മധ്യേഷ്യ എന്നിവിടങ്ങളിലെ ഇടപെടലുകള്‍ക്കും പാകിസ്താനെ അമേരിക്കയ്ക്ക് അവഗണിക്കാന്‍ കഴിയില്ല. പക്ഷേ, അപ്പോഴും ഇന്ത്യക്ക് അമേരിക്കയുമായുള്ള ശക്തമായ പങ്കാളിത്തം നിലനില്‍ക്കുന്ന സാഹര്യത്തില്‍ ഇതൊരു ഭീഷണിയാകില്ലെന്നു വിലയിരുത്തുന്നുമുണ്ട്. 1991നുശേഷം ഇന്ത്യയുടെ സമ്പദ്‌രംഗം മറ്റു മുന്‍നിര രാജ്യങ്ങളുടേതുമായി കടപിടിക്കാന്‍ തുടങ്ങിയതോടെ ബന്ധങ്ങളുടെ ആഴവും വര്‍ധിച്ചിട്ടുണ്ട്. 2008 ലെ ആണവ കരാര്‍, ലോജിസ്റ്റിക് എക്‌സ്‌ചേഞ്ച് മെമ്മോറാണ്ടം ഓഫ് എഗ്രിമെന്റ്, കമ്യൂണിക്കേഷന്‍ കംപാറ്റിബിലിറ്റി ആന്‍ഡ് സെക്യൂരിറ്റി എഗ്രിമെന്റ് (കോംകാസ), സാങ്കേതിക പങ്കാളിത്തം, ക്വാഡ് എന്നിവ പാലിക്കാന്‍ അമേരിക്കയും ബാധ്യസ്ഥരാണ്.
എന്നാലിത് ഒരിക്കലും പ്രശ്‌ന രഹിതമാണെന്നും പറയാന്‍ കഴിയില്ല. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ പാശ്ചാത്യ രാജ്യങ്ങളൊന്നാകെ യുക്രൈനൊപ്പം അണിനിരന്നപ്പോള്‍ ഇന്ത്യ തന്ത്രപരമായി റഷ്യയോടു ചേര്‍ന്നുനില്‍ക്കുകയാണുണ്ടായത്. രണ്ടു രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാനില്ല എന്ന നിലപാടു സ്വീകരിച്ചത് അമേരിക്കയുടെ പുരികമുയര്‍ത്തിയിരുന്നു. അവിടെനിന്നുള്ള എണ്ണ ഇറക്കുമതിയും ഇന്ത്യ കൂട്ടിയിരുന്നു. ഇന്ത്യയുടെ ദേശീയ താത്പര്യങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്നും അതില്‍ ‘രാഷ്ട്രീയം’ നോക്കാനില്ലെന്നും രാജ്യം വിശദീകരിച്ചു. ഇന്ത്യയുടെ തീരുമാനത്തോട് അതൃപ്തി അറിയിച്ചിട്ടില്ലെങ്കിലും രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളത്തിത്തില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റമുണ്ടാകാമെന്ന കാര്യം കൃത്യമായ ഇടവേളകളില്‍ ഓര്‍മിപ്പിക്കുന്ന ഒന്നായി മാറി.
പാകിസ്താനും ഇതുപോലെതന്നെയാണ് എല്ലാക്കാലത്തും നിലനിന്നിരുന്നത്. അമേരിക്കയ്ക്ക് ഏതു സമയത്തും അവിടെ സ്വാഗതമുണ്ട്. അത് കാബൂളിലെ പ്രശ്‌നങ്ങളാണെങ്കിലും ഇറാനെതിരായ നീക്കങ്ങളിലാണെങ്കിലും ചൈനയ്‌ക്കെതിരായ നീക്കങ്ങളിലാണെങ്കിലും അമേരിക്കയുടെ ആവശ്യങ്ങളോടു പാകിസ്താന്‍ മുഖം തിരിച്ചിട്ടില്ല. അതു പക്ഷേ, അവസരവാദപരമായിരുന്നു, നയതന്ത്രപരമായി ആയിരുന്നില്ല.
അമേരിക്കയുമായി എത്രന്നെ അടുത്താലും പാകിസ്താന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അതേപടി നിലനില്‍ക്കും. സാമ്പത്തിക പ്രതിസന്ധി, ആഭ്യന്തര യുദ്ധങ്ങള്‍, വിദേകാര്യ ബന്ധങ്ങള്‍, രാഷ്ട്രീയ പ്രതിസന്ധികള്‍, സൈനികാധിപത്യം, പൊരുത്തമില്ലാത്ത ജനങ്ങള്‍ എന്നിങ്ങനെ അതു നീളും. ഇസ്ലാമാബാദിലെ ജനറല്‍മാരുമായുണ്ടാക്കുന്ന ബന്ധങ്ങള്‍ക്കപ്പുറം പാകിസ്താനുമായുള്ള നയതന്ത്ര ബന്ധമായി ഇതു വികസിക്കാന്‍ സാധ്യതയില്ല.
അതേസമയം കോവിഡിനുഷേശമുള്ള കരകയറ്റത്തിലായാലും സാമ്പത്തിക വളര്‍ച്ചയിലായാലും വിദേശ ബന്ധങ്ങളുടെ കാര്യത്തിലായാലും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തിലായാലും ഇന്ത്യയെ മറ്റു രാജ്യങ്ങള്‍ വിശ്വസ്തരായിട്ടാണു കണക്കാക്കുന്നത്. ഇന്ത്യയുടെ സ്ഥിരതയെ അവഗണിച്ചുകൊണ്ട് ഒരു രാജ്യത്തിനും തീരുമാനങ്ങള്‍ എടുക്കുക എളുപ്പമല്ല. പുതിയ പ്രശ്‌നങ്ങളില്‍ പഴയ പങ്കാളിയെ ഇടയ്ക്കിടെ സമീപിക്കുമെങ്കിലും അമേരിക്കയുടെ കാര്യത്തിലും ഇതു വ്യത്യസ്തമല്ല.