റവാഡ ചന്ദ്രശേഖര്‍ തലസ്ഥാനത്ത്; പൊലീസ് മേധാവി പട്ടികയില്‍ രണ്ടാമന്‍, മുഖ്യമന്ത്രിയുമായി ചര്‍ച്ച

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് കേരളം നല്‍കിയ പട്ടികയില്‍ രണ്ടാമനായ റവാഡ ചന്ദ്രശേഖര്‍ തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തി. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറി (സെക്യൂരിറ്റി) തസ്തികയില്‍ ഇദ്ദേഹത്തെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം നിയമിച്ചിരുന്നു. റവാഡ ചന്ദ്രശേഖര്‍ കേരളത്തിലേക്ക് വരുമെന്ന സൂചനകളാണ് ഉള്ളത്.
സംസ്ഥാനത്തെ പൊലീസ് മേധാവിയെ നിശ്ചയിക്കുന്ന യുപിഎസ്സി യോഗത്തില്‍ പട്ടികയിലുള്ളവരെക്കുറിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ടും പരിഗണിക്കും. സംസ്ഥാനം ഓരോ ഓഫീസര്‍മാരുടെയും പൂര്‍ണവിവരങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് നല്‍കിയതിന് പുറമേ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഓരോ ഓഫീസറെയുംകുറിച്ച് രഹസ്യമായി അന്വേഷിച്ച് നല്‍കുന്ന റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് യുപിഎസ്സി യോഗത്തില്‍ വയ്ക്കും. കര്‍ണാടക പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിന് നടക്കേണ്ട യോഗവും ഇതുവരെ നടന്നില്ല. അതിനു ശേഷമാണ് കേരളത്തിന്റേത്.

ഡിജിപി നിധിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം എന്നിവരാണ് കേരളം നല്‍കിയ പട്ടികയില്‍ ഡിജിപിമാര്‍. ഇതില്‍ ആദ്യത്തെ 3 പേരാണ് സ്വാഭാവികമായും പരിഗണിക്കപ്പെടുക. ആദ്യ മൂന്നില്‍ ആരെയെങ്കിലും തിരിച്ചയയ്ക്കുന്ന 3 പേരുടെ ചുരുക്കപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം ഉണ്ടായാല്‍ നാലാമനായ മനോജ് ഏബ്രഹാം പട്ടികയിലെത്തും. റവാഡ ചന്ദ്രശേഖറിനെ കേന്ദ്രത്തില്‍ തുടരാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചാല്‍ മാത്രമേ അദ്ദേഹം വരാതിരിക്കാന്‍ സാധ്യതയുള്ളു.