KeralaNEWS

വിഖ്യാതചിത്രകാരൻ നമ്പൂതിരിയുടെ സ്മരണയ്ക്കായി ‘ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ്’ ദേശീയ അവാർഡ് ഏർപ്പെടുത്തുന്നു

     കൊച്ചി ആസ്ഥാനമായി രൂപം കൊടുത്ത ‘ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ്’  ദേശീയ തലത്തിൽ മികച്ച രേഖാചിത്രകാരന് അവാർഡ് ഏർപ്പെടുത്തുന്നു, പ്രശസ്ത ചിത്രകാരനും ശിൽപ്പിയും ആർട്ട് ഡയറക്ടറുമായിരുന്ന നമ്പൂതിരിയുടെ കലാപാരമ്പര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള മഹത്തായ ഉദ്ദേശ്യത്തോടെ സ്ഥാപിതമായ ‘ദി ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ്’ നമ്പൂതിരിയുടെ നൂറാം ജൻമദിനമായ 2025 സെപ്തംബർ 13 ന് ആദ്യ അവാർഡ് കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

ഇന്ത്യൻ ഭാഷകളിലെ സാഹിത്യ സംബന്ധിയായ ചിത്രീകരണ രംഗത്ത് മികച്ച സംഭവനകൾ നൽകിയ കലാകാരന്മാരെ ആദരിക്കാനുള്ള ഈ പുരസ്കാരത്തിൽ ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, ആർട്ടിസ്റ്റ് നമ്പൂതിരി തന്നെ രൂപകല്‍പ്പന ചെയ്ത ശില്പവും സമ്മാനിക്കപ്പെടും.  ഈ അവാർഡ് വർഷത്തിൽ ഒരിക്കൽ വിവിധ നഗരങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ വച്ച് നൽകും.

Signature-ad

മുതിർന്ന മാധ്യമ പ്രവർത്തകൻ ബാബു ജോസഫ് മാനേജിങ് ട്രസ്റ്റിയും, രവിശങ്കർ എറ്റത്ത് (എഡിറ്റോറിയൽ കാർട്ടൂണിസ്റ്റ്, എഴുത്തുകാരൻ), വാസുദേവൻ കെ.എം. (ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകനും കലാ സംവിധായകനും), സുധീർ നാഥ് (കാർട്ടൂണിസ്റ്റും എഴുത്തുകാരനും), ബിനുരാജ് കലാപീഠം (ചിത്രകാരനും, ഡോക്കുമെൻട്രി സിനിമ സംവിധായകൻ) എന്നിവർ ട്രസ്റ്റ് അംഗങ്ങളുമാണ്.

കലാസ്നേഹികൾക്ക് ഏറ്റവും  ആദരണീയനായ നമ്പൂതിരിയുടെ ജീവിതവും കലാരചനകളും തലമുറകളെ സ്വാധീനിച്ചവയാണ്. സാഹിത്യ ചിത്രീകരണത്തിലും ഇന്ത്യൻ സിനിമയിലുമുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ അതുല്യമാണ്. നമ്പൂതിരിയുടെ കലാ പാരമ്പര്യത്തെ ആദരിക്കാനും, അദ്ദേഹം പ്രോത്സാഹിപ്പിച്ച കലാമേഖലകളിൽ സൃഷ്ടിപരമായ മികവ് വളർത്താനും ട്രസ്റ്റ് ശ്രമങ്ങൾ നടത്തും.

നമ്പൂതിരിയുടെ സംഭാവനകളെക്കുറിച്ച് അവബോധം വളർത്തുന്നതിനും, ഇന്ത്യയിലെ ചിത്രകലാ-ദൃശ്യകലാരംഗങ്ങൾ വളർത്തുന്നതിനായി സെമിനാറുകൾ, ശിൽപ്പശാലകൾ, പ്രദർശനങ്ങൾ തുടങ്ങിയ സാംസ്‌കാരിക പരിപാടികൾ ട്രസ്റ്റ് സംഘടിപ്പിക്കും.

ബാബു ജോസഫ്,
മാനേജിങ്ങ് ട്രസ്റ്റി,
‘ആർട്ടിസ്റ്റ് നമ്പൂതിരി സമ്മാൻ ട്രസ്റ്റ്’
ഫോൺ: 098-460-49952

Back to top button
error: