മോഹന്‍ലാലിന്റെ സഹായത്തോടെ ആ വേഷം തിലകനില്‍നിന്ന് പ്രമുഖ നടന്‍ തട്ടിയെടുത്തോ?

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളായിരുന്നു നെടുമുടി വേണു. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, മലയാളത്തിലും തമിഴിലുമായി ഏകദേശം 500ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആ അതുല്യ കലാകാരന്റെ ജീവിതത്തില്‍ നടന്ന അധികമാര്‍ക്കുമറിയാത്ത ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.
‘ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തെക്കുറിച്ച് തിലകന്‍ ചേട്ടന്‍ ഉന്നയിച്ച ഒരു ആരോപണം ഓര്‍മയില്‍ വരികയാണ്. തിലകന്‍ ചേട്ടന്‍ ചാനലുകളിലും അഭിമുഖങ്ങളിലുമൊക്കെ പറഞ്ഞിരുന്നത്, ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ ഉദയവര്‍മ തമ്പുരാന്‍ എന്ന കഥാപാത്രം സിബിയും ലോഹിതദാസും ചേര്‍ന്ന് തനിക്ക് വാഗ്ദ്ധാനം ചെയ്തതാണെന്നാണ്

നെടുമുടി വേണു കുത്സിത ബുദ്ധി പ്രയോഗിച്ച് മോഹന്‍ലാലിലൂടെ ആ വേഷം തട്ടിയെടുക്കുകയാണ് ഉണ്ടായതെന്ന് പറഞ്ഞു. തിലകന്‍ ചേട്ടനെപ്പോലൊരു മഹാനടന്‍ ഇത്തരം ആരോപണം വളരെ വിഷമത്തോടെ ഉന്നയിച്ചപ്പോള്‍ അത് പൊതു സമൂഹത്തില്‍ നെടുമുടി വേണുവിന് വലിയ അവമതിപ്പുണ്ടാക്കി. എല്ലാവരെയും പോലെ ഞാനും അത് വിശ്വസിച്ചു.
എന്നാല്‍ സത്യാവസ്ഥ അറിയുന്നതിനായി ഇതിന്റെ സംവിധായകന്‍ സിബി മലയിലിനെ നേരിട്ട് വിളിച്ച് കാര്യം ചോദിച്ചു. സിബി പറയുന്നത്, ഇങ്ങനെയൊരു സംഭവം തന്റെ ചിന്തയില്‍പ്പോലും വന്നിട്ടില്ല, ഞാന്‍ ഒരിക്കലും തിലകന്‍ ചേട്ടനുമായി ആ വിഷയത്തെക്കുറിച്ച് സംസാരിച്ചിട്ടേയില്ലെന്നാണ്. അഥവാ ആ ചിത്രത്തിലെ ഒരു വേഷം തിലകന്‍ ചേട്ടന് കൊടുക്കണമെങ്കില്‍ അത് തിക്കുറിശ്ശി ചേട്ടന്‍ ചെയ്ത വേഷമായിരിക്കാമെന്നും സിബി വ്യക്തമാക്കി.
ലോഹിതദാസ് അങ്ങനെ വല്ല ഓഫറും തിലകന്‍ ചേട്ടന് കൊടുത്തിട്ടുണ്ടാകുമോയെന്ന് ഞാന്‍ ചോദിച്ചു. അതിന് സിബി പറഞ്ഞ മറുപടി, എന്നോട് ആലോചിച്ച ശേഷം മാത്രമേ ലോഹി സംസാരിക്കുകയുള്ളൂവെന്നാണ്. റോള്‍ തട്ടിയെടുക്കണമെങ്കില്‍ വേണുവിന് പണിയില്ലാതിരിക്കണ്ടേ. ആ സമയത്ത് വേണുവിന് നിന്ന് തിരിയാന്‍ സമയമില്ലായിരുന്നു. മറ്റൊരാളുടെ റോള്‍ തട്ടിയെടുക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ല. എന്താണ് ഇങ്ങനെയൊക്കെ പറഞ്ഞതെന്ന് എനിക്കറിയില്ലെന്നാണ് സിബി പറഞ്ഞത്.’- ആലപ്പി അഷ്‌റഫ് പറഞ്ഞു.