Breaking NewsLead NewsNEWSWorld

ഖമനേയി വീഴുമോ? പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വഴിത്തിരിവ് ഉടന്‍! ഇറാനെതിരെ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഇറാനെതിരായ പോരാട്ടത്തില്‍ യുഎസ് നേരിട്ടിറങ്ങിയേക്കുമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍. ഇസ്രായേലിന്റെ ചാനല്‍ 12 ആണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച വൈറ്റ് ഹൗസിലെ സിറ്റുവേഷന്‍ റൂമില്‍ ഉപദേഷ്ടാക്കളുമായി പ്രസിഡന്‍്‌റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം വിവിധ ഘട്ടങ്ങളിലായി ആക്രമണം തുടരുമെന്ന് ഇറാന്‍ അറിയിച്ചു. ഇസ്രയേലിന്റെ വ്യോമ കേന്ദ്രങ്ങള്‍ ആക്രമിച്ചതായും സൈന്യം വ്യക്തമാക്കി.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി ഒളിച്ചിരിക്കുന്നത് എവിടെ എന്നറിയാമെന്നും അദ്ദേഹം ഒരു ഈസി ടാര്‍ഗറ്റ് ആണെന്നും ട്രംപ് ഇന്നലെ അവകാശപ്പെട്ടിരുന്നു. ഇറാനോട് നിരുപാധികം കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവും ചൊവ്വാഴ്ച ടെലിഫോണില്‍ സംസാരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മേഖലയിലെ സമീപകാല സൈനിക വിന്യാസം മൂലമുണ്ടായ അഭ്യൂഹങ്ങള്‍ക്കിടെ, ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ അമേരിക്ക പങ്കുചേരുന്നില്ലെന്ന് വൈറ്റ് ഹൗസ് ഇന്നലെ അറിയിച്ചിരുന്നു.

Signature-ad

അതിനിടെ, യുഎസ് സുരക്ഷാ കൗണ്‍സില്‍ യോഗം അവസാനിച്ചു. ട്രംപ് പങ്കെടുത്ത യോഗം നീണ്ടത് 1 മണിക്കൂര്‍ 20 മിനിറ്റാണ്. ബങ്കര്‍ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിക്കുന്നത് ചര്‍ച്ചയായെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. ഇസ്രായേലിന് റീഫ്യുവല്‍ എയര്‍ക്രാഫ്റ്റുകള്‍ നല്‍കുന്നതും ചര്‍ച്ചയായി. യോഗത്തിലെ തീരുമാനങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

യുഎസ് ആക്രമണത്തിന് ഒരുങ്ങുന്നവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇറാനും ഒരുങ്ങിയെന്നാണ് പുറത്തുവരുന്ന വിവരം. ഹൊര്‍മൂസ് കടലിടുക്കിലെ യുഎസ് കപ്പലുകള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ട്. യുഎസ് കപ്പലുകള്‍ക്ക് നേരെ മൈനുകള്‍ ഉപയോഗിച്ചേക്കുമെന്നും റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അതേസമയം അമേരിക്ക യുദ്ധത്തിന്റെ ഭാഗമായി മാറുമെന്ന ആശങ്കയ്ക്കിടെ, ഇസ്രായേലിന് നേര്‍ക്ക് ഇന്ന് വെളുപ്പിനും ഇറാന്റെ മിസൈല്‍ ആക്രമണമുണ്ടായി. തെല്‍ അവീവില്‍ മിസൈലുകള്‍ നാശം വിതച്ചു. തെഹ്‌റാന് നേരെ ആക്രമണം തുടരുന്നതായി ഇസ്രായേല്‍ അറിയിച്ചു.

 

 

Back to top button
error: