കൊലപാതകത്തിന് കാരണമായി സോനം പറയുന്നത് അവിശ്വസനീയം! പിന്നില്‍ മറ്റെന്തോ; വിശദമായി അന്വേഷിക്കാന്‍ മേഘാലയ പോലീസ്

ഷില്ലോങ്: മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷത്തിനിടെ ഇന്ദോര്‍ സ്വദേശി രാജ രഘുവംശി കൊല്ലപ്പെട്ട കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും മേഘാലയ ഡി.ജി.പി ഇദാഷിഷ നോണ്‍ഗ്രാങ് പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ കാരണമായി ഭാര്യ സോനം പറയുന്നത് പലപ്പോഴും അവിശ്വസനീയമാണെന്നും അവര്‍ പറഞ്ഞു.
”കൊലപാതകത്തിനു പിന്നിലെ ലക്ഷ്യം പ്രതികള്‍ പറയുന്നതുപോലെ ശരിയായ രീതിയില്‍ ഒത്തുചേരുന്നില്ല. പിന്നില്‍ മറ്റുവല്ലതുമുണ്ടോ എന്ന് ഞങ്ങള്‍ പരിശോധിക്കുകയാണ്. വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒരാള്‍ക്ക് ഇത്രയധികം വൈരാഗ്യം തോന്നുകയും ആ വ്യക്തിയെ കൊല്ലാന്‍ പദ്ധതിയിടുകയും ചെയ്യുമെന്ന് വിശ്വസിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. ഇതൊരു ത്രികോണപ്രണയമായി തോന്നുന്നുണ്ടെങ്കിലും, ഇതായിരിക്കും ഏക കാരണം എന്ന് പറയാന്‍ കഴിയില്ല. കേസില്‍ ഇപ്പോഴും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.” ഡിജിപി പറഞ്ഞു.

മെയ് 23-നാണ് മധുവിധു ആഘോഷിക്കുന്നതിനിടെയാണ് വ്യവസായിയായ രാജ രഘുവംശിയെ ഭാര്യ സോനത്തിന്റേയും കാമുകന്‍ രാജ് കുശ്വാഹയുടെയും പദ്ധതികളനുസരിച്ച് ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നത്. സോനം, കുശ്വാഹ, മൂന്ന് വാടകക്കൊലയാളികള്‍ എന്നിവര്‍ ജൂണ്‍ ഒമ്പതിന് ഉത്തരേന്ത്യയുടെ പല ഭാഗങ്ങളില്‍നിന്ന് പിടിയിലാവുകയും ചെയ്തു.
അന്വേഷണത്തിന്റെ ഭാഗമായി, മേഘാലയ പോലീസ് ചൊവ്വാഴ്ച സോനം ഉള്‍പ്പെടെ എല്ലാ പ്രതികളെയും സോഹ്റയിലേക്ക് കൊണ്ടുപോയി. ‘ഈ കുറ്റം നടന്ന സോഹ്റ പോലീസ് സ്റ്റേഷന് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലുംവെച്ച് ഏറ്റവും കുറഞ്ഞ കുറ്റകൃത്യ നിരക്കാണുള്ളത്. സോഹ്റ പോലീസ് സ്റ്റേഷനില്‍ ദശകങ്ങളായി ഒരു കൊലപാതകം നടന്നതിന്റെ രേഖകളൊന്നും ഇല്ല.’ ഡിജിപി ഇദാഷിഷ നോണ്‍ഗ്രാങ് പറഞ്ഞു.