ബിസിസിഐക്കു കനത്ത തിരിച്ചടി; കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ഐപിഎല്ലില്‍നിന്ന് പുറത്താക്കിയ കൊച്ചി ടസ്‌കേഴ്‌സിന് 538 കോടി നല്‍കണം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസി) 538 കോടി രൂപ നൽകണമെന്ന് ബോംബെ ഹൈക്കോടതി.
ആർബിട്രൽ ട്രൈബ്യൂണലിന്റെ വിധി ബോംബെ ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ബിസിസിഐ നൽകിയ അപ്പീൽ തള്ളികൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ വിധി. ആർബിട്രൽ ട്രൈബ്യൂണലിന്റെ കണ്ടെത്തലിനെതിരെ അപ്പിൽ പരിഗണിക്കാൻ കഴിയില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ആർ ഐ ചാഗ്ല പറഞ്ഞു.

2011 ഐപിഎൽ നാലാം സീസണിൽ മാത്രമാണ് കൊച്ചി ടസ്കേഴ്സ് കളിച്ചത്. ഫ്രാഞ്ചൈസി ഫീസ് നൽകാതെ ബിസിസിഐയുമായുള്ള കരാർ ലംഘിച്ചു എന്നാരോപിച്ചാണ് ടീമിനെ പുറത്താക്കിയത്. പിന്നീട് തുക നൽകാൻ ശ്രമിച്ചെങ്കിലും ടീം ഉടമകളെ ബിസിസിഐ മടക്കി. തുടർന്ന് കരാർ ലംഘിച്ചിട്ടില്ലെന്നും ടൂർണമെന്റിൽനിന്ന് പുറത്താക്കിയത് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നുമുള്ള പരാതിയുമായി ടീം ഉടമകൾ സ്പോർട്സ് വേൾഡ് തർക്ക പരിഹാര കോടതിയെ സമീപിച്ചത്.
2015ൽ മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ സി ലഹോതി കൊച്ചി ടീമിന് 500 കോടി രൂപ നഷ്ടപരിഹാം നൽകാൻ ഉത്തരവിട്ടിരുന്നു. തുക വേണ്ടെന്നും ഐപിഎലിൽ കളിക്കാൻ അനുവദിച്ചാൽ മതിയെന്നുമാണ് ടീം ഉടമകൾ ബിസിസിഐയെ അറിയിച്ചത്. ടസ്കേഴ്സിന്റെ ആവശ്യം ബിസിസിഐ തള്ളിയതിനു പിന്നാലെയാണു വിഷയം തർക്ക പരിഹാര കോടതിയിലെത്തിയത്.