Breaking NewsCrimeLead NewsNEWS

പ്രണയവിവാഹത്തിന് പിന്നാലെ 16 കാരനെ തട്ടിക്കൊണ്ടുപോയി; തമിഴ്നാട് എഡിജിപി അറസ്റ്റില്‍

ചെന്നൈ: പ്രണയവിവാഹത്തിന് പിന്നാലെ 16 കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ തമിഴ്നാട് സായുധ പൊലീസ് വിഭാഗം എഡിജിപി എച്ച്.എം ജയറാം അറസ്റ്റില്‍. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് അറസ്റ്റ്. കേസില്‍ എം.എല്‍.എയും പുരട്ചി ഭാരതം പാര്‍ട്ടിയുടെ തലവനുമായ പൂവൈ ജഗന്‍ മൂര്‍ത്തിയോട് അന്വേഷണത്തിനായി പൊലീസിന് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയത് എഡിജിപിയുടെ കാറിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: തേനി സ്വദേശിയായ യുവതിയും തിരുവള്ളൂര്‍ സ്വദേശിയായ 22 കാരനും തമ്മിലുള്ള പ്രണയവിവാഹത്തിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവതിയുടെ വീട്ടുകാരെ എതിര്‍പ്പിനെ മറികടന്ന് കഴിഞ്ഞമാസം ഇവര്‍ വിവാഹിതരായി. യുവതിയുടെ പിതാവ് യുവാവിനെ തട്ടിക്കൊണ്ടുപോകാനായി പദ്ധതിയിട്ടിരുന്നു.

Signature-ad

എന്നാല്‍, ഇതിന് സാധിക്കാതെ വന്നതോടെ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട മുന്‍ പൊലീസ് കോണ്‍സ്റ്റബിളായ മഹേശ്വരി, എംഎല്‍എ ജഗന്‍ മൂര്‍ത്തി, എഡിജിപി ജയറാം എന്നിവരുടെ അറിവോടെയാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്.

അമ്മ പൊലീസില്‍ പരാതി നല്‍കിയതോടെ 16കാരനെ വിട്ടയക്കുകയും ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചത് എഡിജിപി ജയറാമിന്റെ കാറിലായിരുന്നുവെന്ന് അന്വേഷണസംഘം പിന്നീട് കണ്ടെത്തുകയായിരുന്നു. പൊലീസ് വാഹനം ഓടിച്ചത് സര്‍വീസിലുള്ള കോണ്‍സ്റ്റബിളായിരുന്നുവെന്നും കാറില്‍ എംഎല്‍എയും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ എം.ജഗന്‍മൂര്‍ത്തി എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിക്കുന്നതിടെ രൂക്ഷമായ വിമര്‍ശനമാണ് ജഡ്ജി എംഎല്‍എക്കെതിരെ ഉന്നയിച്ചത്. പൊലീസ് അന്വേഷണത്തെ എന്തിനാണ് ഭയപ്പെടുന്നതെന്നും, എംഎല്‍എ എപ്പോഴും മാതൃകയായിരിക്കണമെന്നും സ്വന്തമായി കോടതികള്‍ നടത്തരുതെന്നും ജഡ്ജി വിമര്‍ശിച്ചു. രാഷ്ട്രീയ ഭാരവാഹികള്‍ നിയമ നടപടികള്‍ ഒഴിവാക്കാന്‍ തങ്ങളുടെ സ്വാധീനം ദുരുപയോഗം ചെയ്യരുതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

 

Back to top button
error: