
പാലക്കാട്: വാളയാറില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ 5 അംഗ സംഘം ട്രെയിന്‍ യാത്രക്കാരായ വ്യാപാരികളെ കബളിപ്പിച്ചും ട്രെയിനില്‍ നിന്ന്, ഇറക്കി കാറില്‍ കയറ്റി മര്‍ദിച്ചും 25 ലക്ഷം രൂപ കവര്‍ന്നു. മലപ്പുറം കുറ്റിപ്പുറം സ്വദേശി അബൂബക്കര്‍ (43), പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബദറുദ്ദീന്‍ (34) എന്നിവരില്‍ നിന്നാണു പണം കവര്‍ന്നത്. ബദറുദ്ദീനില്‍ നിന്നു 17 ലക്ഷം രൂപയും അബൂബക്കറില്‍ നിന്ന് 8 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പണം കോയമ്പത്തൂരില്‍ ആഭരണം വിറ്റു ശേഖരിച്ചതാണെന്നും വ്യാപാര ആവശ്യത്തിനായി ഇതു കൊണ്ടുപോവുകയായിരുന്നു എന്നുമാണ് കവര്‍ച്ചയ്ക്ക് ഇരയായവര്‍ പൊലീസിനു നല്‍കിയ വിവരം. ഇവര്‍ വിദേശ നിര്‍മിത ചോക്ലേറ്റ് കേരളത്തിലെത്തിച്ചു വ്യാപാരം ചെയ്യുന്നവരാണ്.
ദേശീയപാതയില്‍ വാഹനങ്ങള്‍ ആക്രമിച്ചുള്ള കവര്‍ച്ചയ്ക്കു പിന്നാലെ ഇതാദ്യമായാണു വാളയാര്‍ മേഖലയില്‍ ട്രെയിനിലും കവര്‍ച്ച നടക്കുന്നത്. കഴിഞ്ഞ ദിവസം ദേശീയപാത കോയമ്പത്തൂര്‍ മധുക്കരയില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് 1.25 കിലോഗ്രാം സ്വര്‍ണവും 60,000 രൂപയും കവര്‍ന്നിരുന്നു. തമിഴ്‌നാട് പൊലീസാണ് ഈ കേസ് അന്വേഷിക്കുന്നത്. ഇത്തരം സംഭവങ്ങളുടെ ഭീതിയിലാണ് ഇവര്‍ പണവുമായി ട്രെയിനില്‍ മടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണു സംഭവമെങ്കിലും മര്‍ദനമേറ്റ് അവശ നിലയിലായിരുന്നതിനാല്‍ ഇരുവരും രാത്രിയോടെയാണ് വാളയാര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.

കോയമ്പത്തൂരില്‍ നിന്നു കണ്ണൂരിലേക്കു പോയിരുന്ന കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വച്ചാണ് കവര്‍ച്ച നടന്നത്. ട്രെയിന്‍ കോയമ്പത്തൂര്‍ പിന്നിട്ട് പോത്തനൂര്‍ ജംക്ഷന്‍ എത്തിയപ്പോള്‍ കാക്കി പാന്റും വെള്ള ഷര്‍ട്ടും ധരിച്ച 5 പേര്‍ ഇവര്‍ക്ക് അരികിലെത്തി. സ്‌പെഷല്‍ പൊലീസാണെന്ന് അറിയിച്ച ശേഷം തിരിച്ചറിയല്‍ രേഖകള്‍ കാണിച്ച അബൂബക്കറിനെയും ബദറുദ്ദീനെയും പരിശോധിച്ചു. ഇതിനിടെയിലാണ് ഇവരുടെ കൈയില്‍ പണം കണ്ടെത്തിയത്. സ്വര്‍ണം വിറ്റു കിട്ടിയ പണമാണെന്ന് അറിയിച്ചപ്പോള്‍ അതിന്റെ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. ഇതില്ലാതെ വന്നപ്പോള്‍ അറസ്റ്റ് ചെയ്യുകയാണെന്ന് ധരിപ്പിച്ച് ഇവരില്‍ നിന്നു പണം വാങ്ങിയെടുത്തു. അടുത്ത സ്റ്റോപ്പ് എത്തിയാല്‍ ട്രെയിനില്‍ നിന്ന് ഇറങ്ങാനും സ്റ്റേഷനിലേക്കു പോവാനും ആവശ്യപ്പെട്ടു.
ട്രെയിന്‍ കഞ്ചിക്കോട് ജംക്ഷനിലെത്തിയപ്പോള്‍ കാര്‍ എത്തി. ഈ കാറില്‍ കയറ്റിയ ഇരുവരെയും കമ്പി വടി ഉപയോഗിച്ചു മര്‍ദിച്ച് അവശരാക്കിയ ശേഷം വാളയാര്‍ പൊലീസ് സ്റ്റേഷനു തൊട്ടുമുന്‍പുള്ള കനാല്‍പിരിവ് ജംക്ഷനില്‍ ദേശീയപാതയോരത്തു തള്ളിയിട്ടു. പിന്നീട് കാര്‍ കനാല്‍പിരിവ്‌മേനോന്‍പാറ റോഡ് വഴി കടന്നുപോയെന്നാണ് ഇരുവരും നല്‍കിയ മൊഴിയെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മാത്രമേ ഇവരുടെ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുകയുള്ളെന്നും ദേശീയപാതയിലെയും മറ്റു സിസിടിവി ദൃശ്യങ്ങള്‍ ഇതിനായി ശേഖരിക്കുകയാണെന്നും വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്.രാജീവ് അറിയിച്ചു. വ്യാപാരികള്‍ കഴിഞ്ഞ ദിവസം രാത്രിയിലാണു കോയമ്പത്തൂരിലെത്തിയത്. ഇവിടെ സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ സ്വര്‍ണം വിറ്റു പണവുമായി മടങ്ങുമ്പോഴാണു കവര്‍ച്ച നടന്നത്.