Breaking NewsCrimeLead NewsNEWS

പ്രിയംവദയുടെ മൃതദേഹം മൂന്നുദിവസം കട്ടിലിനടിയില്‍; ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ ചന്ദനത്തിരി കത്തിച്ചുവെച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര പനച്ചിമൂട് സ്വദേശി പ്രിയംവദ കൊലക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. പ്രിയംവദയെ അയല്‍വാസിയായ വിനോദ് കൊലപ്പെടുത്തി മൂന്നു ദിവസം കട്ടിലിന് അടിയില്‍ സൂക്ഷിച്ചു. ദുര്‍ഗന്ധം പുറത്തു വരാതിരിക്കാന്‍ മുറിയില്‍ ചന്ദനത്തിരി കത്തിച്ചു വെച്ചു. എന്നാല്‍ ദുര്‍ഗന്ധം വരുന്നതായി സംശയം തോന്നി പ്രതിയുടെ ഭാര്യാമാതാവ് കുട്ടിയോട് മുറിയില്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതി കുട്ടിയെ വിരട്ടിയോടിക്കുകയാണ് ചെയ്തത്.

മുറിയില്‍ പരിശോധിക്കാനെത്തിയപ്പോഴാണ് കട്ടിലിന് അടിയില്‍ കൈ കണ്ടതായി കുട്ടി അമ്മൂമ്മയോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പള്ളിവികാരിയോട് സംശയം പറഞ്ഞു. ഇതേത്തുടര്‍ന്നാണ് പൊലീസ് വിവരം അറിയുന്നത്. ശനിയാഴ്ച രാത്രിയാണ് മൃതദേഹം മറവു ചെയ്തതെന്ന് പ്രതി വിനോദ് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്.

Signature-ad

എന്നാല്‍ മൃതദേഹത്തില്‍ പ്രിയംവദയുടെ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കാണാനില്ല. സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പൊലീസ് ഇതു പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. പ്രിയംവദ അത്തരത്തില്‍ പണമിടപാട് നടത്തുന്നയാള്‍ അല്ലെന്നാണ് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.

Back to top button
error: