വിമാന ദുരന്തത്തിന് പിന്നാലെ കാണാതായി; മരിച്ചവരുടെ കൂട്ടത്തില്‍ സിനിമാ നിര്‍മ്മാതാവും ഉണ്ടെന്ന് സംശയം

അഹമ്മദാബാദ്: ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച വിമാന ദുരന്തം ഉണ്ടായത്. അപകടത്തില്‍ 229 യാത്രക്കാരും 12 ജീവനക്കാരും ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നവരും അടക്കം 274 പേര്‍ മരിച്ചെന്നാണ് വിവരം. ഒരു യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വിമാനാപകടത്തില്‍ യാത്രക്കാരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ഡിഎന്‍എ സാമ്പിള്‍ നല്‍കി ബന്ധുക്കള്‍ കാത്തിരിക്കുമ്പോള്‍ പ്രദേശവാസികളില്‍ പലരെയും അപകടത്തിന് പിന്നാലെ കാണാനില്ലെന്നാണ് വിവരം.
ബി ജെ മെഡിക്കല്‍ കോളേജിന് സമീപം ദുരന്തസമയത്ത് ഉണ്ടായിരുന്ന ചിലര്‍ ഇതുവരെ വീടുകളില്‍ മടങ്ങിയെത്തിയിട്ടില്ല. വ്യാഴാഴ്ച മുതല്‍ ഒരു സിനിമാ നിര്‍മ്മാതാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ ഡിഎന്‍എ സാമ്പിള്‍ സമര്‍പ്പിച്ചു. അപകടം നടക്കുന്ന സമയം നിര്‍മ്മാതാവ് ഈ പ്രദേശത്ത് ഉണ്ടായിരുന്നതായാണ് വിവരം. അപകടം ഉണ്ടായതിന് 700 മീറ്റര്‍ അകലെയാണ് ഇദ്ദേഹത്തിന്റെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. അപകടത്തില്‍ അദ്ദേഹം മരിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് ഇവര്‍. മഹേഷ് കലാവാഡിയ എന്നറിയപ്പെടുന്ന മഹേഷ് ജിരാവാലയെയാണ് കാണാതായത്. നരോദയിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്. ഒരു സംഗീത ആല്‍ബത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അപകടം നടന്ന പ്രദേശത്ത് ഒരാളെ കാണാന്‍ മഹേഷ് അന്ന് പോയതായി ഭാര്യ ഹേതല്‍ പറഞ്ഞു.

‘ഉച്ചയ്ക്ക് 1.14ന് അദ്ദേഹം എന്നെ വിളിച്ച് മിറ്റിംഗ് അവസാനിച്ചുവെന്നും വീട്ടിലേക്ക് പോകുകയാണെന്നും പറഞ്ഞു. പക്ഷേ പിന്നെ തിരിച്ച് വിളിച്ചില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആണ്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അദ്ദേഹത്തിന്റെ ഫോണിന്റെ അവസാന ലൊക്കേഷന്‍ അപകടം നടന്നതിന് 700 മീറ്റര്‍ അകലെയാണ് കാണിക്കുന്നത്. ഉച്ചയ്ക്ക് 1.40 ഓടെയാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയത്. അദ്ദേഹത്തിന്റെ സ്‌കൂട്ടറോ ഫോണോ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഡിഎന്‍എ സാമ്പിള്‍ കൊടുത്തിട്ടുണ്ട്’- ഹെതല്‍ പറഞ്ഞു.
അതേസമയം, സിവില്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം മുറിക്ക് പുറത്താണ് ഡി.എന്‍.എ പരിശോധനയ്ക്കായി ബോഡി ബാഗുകള്‍ സൂക്ഷിച്ചിട്ടുള്ളത്. കത്തിക്കരിഞ്ഞുപോയതിനാല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ എല്ലാ ഭാഗങ്ങളും വീണ്ടെടുക്കാനാകുമെന്ന് ഉറപ്പില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ അന്ത്യകര്‍മ്മങ്ങള്‍ക്കായി ശരീരം തരണമെന്ന് വിലപിച്ചുകൊണ്ട് ആശുപത്രിക്കു മുമ്പില്‍ കാത്തുകിടക്കുകയാണ് മരിച്ചവരുടെ ബന്ധുക്കള്‍. വേദനിപ്പിക്കുന്ന രംഗമാണെങ്കിലും ഒന്നും ചെയ്യാനാകുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നു.