ഇസ്രയേലില്‍ കാളരാത്രി! രാത്രി മുഴുവന്‍ അപായ സൈറണ്‍, ജനം ഭീതിയില്‍; ഇറാന്‍ ഇന്റലിജന്‍സ് മേധാവിയെ വധിച്ച് ഇസ്രയേല്‍

ജറുസലം: തുടര്‍ച്ചയായ രണ്ടാം ദിവസവും ആകാശത്തു തീഗോളങ്ങള്‍ പാഞ്ഞ ശനിയാഴ്ച രാത്രിയും ഇസ്രയേലില്‍ ജനങ്ങള്‍ക്ക് ഭീതി നിറഞ്ഞതായി. രാത്രി 11 ന് ശേഷമാണ് ടെല്‍ അവീവിലും ഫൈഫയിലും ഇറാന്‍ ആക്രമണമുണ്ടായത്. പുലര്‍ച്ചവരെ സൈറണുകള്‍ തുടര്‍ച്ചയായി മുഴങ്ങിയതോടെ ജനങ്ങള്‍ ഭൂഗര്‍ഭ ബങ്കറുകളില്‍ അഭയം തേടി. മധ്യ ഇസ്രയേല്‍ നഗരമായ ജാഫയിലേക്കു യെമനിലെ ഹൂതികളും മിസൈലാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രയേലിലെ അറബ് പട്ടണമായ ടമാറയില്‍ ഒരു കുടുംബത്തിലെ അമ്മയും 2 പെണ്‍മക്കളുമടക്കം 4 പേരാണു കൊല്ലപ്പെട്ടത്. ബാത് യാമില്‍ 6 പേരും. ടെല്‍ അവീവിലെ തെക്കന്‍ പട്ടണമായ ബാത് യാമിന്‍ തകര്‍ന്നടിഞ്ഞ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നു.
അതിനിടെ, ഇസ്രയേല്‍ ടെഹ്‌റാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ ഇന്റലിജന്‍സ് മേധാവി കൊല്ലപ്പെട്ടു. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കസേമിയും മറ്റ് രണ്ട് ജനറല്‍മാരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് സ്ഥിരീകരിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 65 മണിക്കൂര്‍ നീണ്ട ഇസ്രയേല്‍ ആക്രമണത്തില്‍ 244 പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടതായും റവല്യൂഷണറി ഗാര്‍ഡ് സ്ഥിരീകരിച്ചു. 1,200 ലധികം പേര്‍ക്ക് പരുക്കേറ്റിരുന്നു. കൊല്ലപ്പെട്ടവരില്‍ 90 ശതമാനവും സാധാരണക്കാരായിരുന്നുവെന്നും ഇറാനിയന്‍ മന്ത്രാലയം അറിയിച്ചു.

അതേസമയം, വെള്ളിയാഴ്ച ഇസ്രയേല്‍ ബോംബിട്ട ഇറാന്റെ മുഖ്യ ആണവകേന്ദ്രമായ നതാന്‍സില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. ഉപഗ്രഹദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഈ നിഗമനം. നിലയത്തിലേക്കു വൈദ്യുതി എത്തിക്കുന്ന കേന്ദ്രവും ഇക്കൂട്ടത്തിലുണ്ടെന്നാണു വിവരം. നിലയത്തിന്റെ ഉപരിതലഭാഗം തകര്‍ന്നതായി രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ (ഐഎഇഎ) മേധാവി റഫാല്‍ ഗ്രോസി യുഎന്‍ രക്ഷാസമിതിയെ അറിയിച്ചു. ആണവനിലയത്തിന്റെ മുഖ്യഭാഗങ്ങള്‍ ഭൂമിക്കടിയിലാണ്. ഇവിടെ ആഘാതമില്ലെന്നാണു വിവരം. ഇസ്ഫഹാനിലെ ആണവകേന്ദ്രത്തിലും ബോംബുവീണ് നാലു പ്രധാന കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നാണ് ഏജന്‍സി കണ്ടെത്തിയത്. രണ്ടിടത്തും ആണവച്ചോര്‍ച്ച ഇല്ലെന്ന് ഐഎഇഐ വ്യക്തമാക്കി. രണ്ടു നിലയങ്ങളിലെയും കേടുപാടുകള്‍ തീര്‍ക്കാന്‍ മാസങ്ങളെടുത്തേക്കും.
ഇറാന്റെ തെക്കന്‍ പ്രവിശ്യയായ ബുഷെഹറില്‍ സ്ഥിതി ചെയ്യുന്ന സൗത്ത് പാര്‍സ് നിലയത്തിലെ പ്രകൃതിവാതകോല്‍പാദനം ഭാഗികമായി നിര്‍ത്തിവച്ചെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തത്. ഇവിടെ ഉല്‍പാദിക്കുന്ന വാതകത്തിലേറെയും ഇറാന്‍ ആഭ്യന്തരമായാണ് ഉപയോഗിക്കുന്നത്. പാശ്ചാത്യ ഉപരോധമുള്ളതില്‍ കാര്യമായ കയറ്റുമതി ഇല്ല. അതേസമയം പാര്‍സ് വാതകപ്പാടം പങ്കിടുന്ന ഖത്തറിന്റെ (നോര്‍ത്ത് ഡോം ഫീല്‍ഡ് ) കയറ്റുമതിയുടെ 70 ശതമാനവും ഇവിടെനിന്നാണ്.