Breaking NewsKeralaLead NewsNEWS

നീ’യിത്ര’ ധന്യ! ബിഹാറില്‍ അധ്യാപിക, സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് എംഎ; രേഷ്മയുടെ ലക്ഷ്യം പണമല്ലെന്ന് പൊലീസ്

തിരുവനന്തപുരം: വിവാഹ തട്ടിപ്പ് കേസിലെ പ്രതി എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(35)യുടെ ലക്ഷ്യം പണമായിരുന്നില്ലെന്ന് പൊലീസ്. നിരവധിപ്പേരെ വിവാഹം കഴിച്ചെങ്കിലും അവരില്‍ നിന്ന് പണം തട്ടാനുള്ള ശ്രമങ്ങളൊന്നും രേഷ്മ നടത്തിയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. പലരും വിവാഹത്തിന് താലി മാത്രമാണ് കെട്ടിയത്. സ്വര്‍ണമാല ഉണ്ടായിരുന്നില്ല. നിത്യച്ചെലവിനും യാത്രയ്ക്കുമുള്ള പണം മാത്രമാണ് യുവതി വിവാഹം കഴിച്ചവരില്‍ നിന്ന് വാങ്ങിയത്. കൃത്യമായ സമയക്രമം തയ്യാറാക്കി ഇവര്‍ ഭര്‍ത്താക്കന്മാരെയും കാമുകന്മാരെയും ദിവസവും വിളിച്ചിരുന്നു.

2014-ല്‍ പ്രണയിച്ചാണ് ആദ്യ വിവാഹം കഴിച്ചത്. എന്നാല്‍ ഇയാളുമായി പിരിഞ്ഞു. പിന്നീട് പഠനം തുടര്‍ന്നു. 2022-ല്‍ സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഇദ്ദേഹം വിദേശത്തേക്കു പോയി. ശേഷം 2022-ല്‍ തന്നെ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു. കാലടി സര്‍വകലാശാലയിലെ തിരുവനന്തപുരം കേന്ദ്രത്തില്‍ താത്കാലിക ജോലിക്ക് വരുന്നതിനിടയില്‍ ട്രെയിനില്‍വെച്ചാണ് വൈക്കം സ്വദേശിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് 2023-ല്‍ പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയുമായി വിവാഹം. വിവാഹത്തിന് മുമ്പ് തന്നെ ഇവര്‍ ഒരുമിച്ചു താമസിക്കുകയായിരുന്നു. ഈ ബന്ധത്തിലാണ് ഒരാണ്‍കുഞ്ഞുള്ളത്.

Signature-ad

പിന്നീട് ബിഹാറില്‍ അധ്യാപികയായി ജോലി നോക്കി. 2024-ല്‍ കേരളത്തില്‍ രേഷ്മ തിരിച്ചെത്തി. ശേഷമാണ് രണ്ടുപേരെ വിവാഹം കഴിച്ചത്. പിന്നീട് മൂന്നുപേരുമായി വിവാഹം നിശ്ചയിച്ചു. യുഎസില്‍ നഴ്സായ തൊടുപുഴ സ്വദേശിയെ 2025 ഫെബ്രുവരി 19-ന് വിവാഹം കഴിച്ചു. മാര്‍ച്ച് ഒന്നിന് വാളകം സ്വദേശിയെ വിവാഹം കഴിച്ചു. ശേഷം കോട്ടയം സ്വദേശിയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നാണ് ആര്യനാട്ടുള്ള പഞ്ചായത്തംഗവും തിരുമല സ്വദേശിയായ യുവാവുമായുമുള്ള വിവാഹം തീരുമാനിച്ചത്. ഇവരെയെല്ലാം രേഷ്മ പരിചയപ്പെട്ടത് മാട്രിമോണിയല്‍ വൈബ്സൈറ്റ് വഴിയാണ്.

പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാര്‍ഡ് അംഗവും ഭാര്യയും ചേര്‍ന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
വിവാഹപരസ്യം നല്‍കുന്ന ഗ്രൂപ്പില്‍ പഞ്ചായത്ത് അംഗം രജിസ്റ്റര്‍ ചെയ്തിരുന്നു. മെയ് 29-നാണ് ഇതില്‍ നിന്നും ആദ്യം ഫോണ്‍ കോള്‍ വന്നത്. യുവതിയുടെ അമ്മയാണെന്ന് ഒരു സ്ത്രീ സ്വയം പരിചയപ്പെടുത്തി. ജൂലൈ അഞ്ചിന് മകള്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരാവശ്യത്തിനായി വരുന്നുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ഇവിടെ വെച്ച് ഇരുവരും കണ്ടു. താന്‍ ദത്തെടുക്കപ്പെട്ട കുട്ടിയാണെന്നും അതുകൊണ്ട് അമ്മയ്ക്ക് ഈ വിവാഹത്തിന് താല്‍പര്യക്കുറവുണ്ടെന്നും രേഷ്മ യുവാവിനെ അറിയിച്ചു. അതോടെ രേഷ്മയെ വിവാഹം കഴിക്കാന്‍ തയാറാണെന്ന് യുവാവ് ഉറപ്പ് നല്‍കുകയായിരുന്നു.

പിന്നീട് വിവാഹത്തിന്റെ ഒരുക്കങ്ങളായി. വെള്ളിയാഴ്ചയാണ് വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. അഞ്ചാം തീയതി രേഷ്മയെ യുവാവ് കൂട്ടിക്കൊണ്ടുവന്ന് ഉഴമലയ്ക്കലിലുള്ള ഒരു വാര്‍ഡ് മെമ്പറുടെ വീട്ടില്‍ താമസിപ്പിച്ചിരുന്നു. വിവാഹദിവസം രാവിലെ കുളികഴിഞ്ഞ് തനിക്ക് ബ്യൂട്ടി പാര്‍ലറില്‍ പോകണമെന്ന് പറഞ്ഞ് രേഷ്മ ഇറങ്ങി. വാര്‍ഡ് മെമ്പറുടെ ഭാര്യ കുളിമുറിയില്‍ കയറിയപ്പോള്‍ രേഷ്മ കുളിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. തുടര്‍ന്ന് യുവതിക്ക് സംശയം തോന്നിയതോടെ രേഷ്മയുടെ ബാഗ് പരിശോധിച്ചു. അങ്ങനെയാണ് മുന്‍ വിവാഹങ്ങളുടെ സട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്.

45 ദിവസം മുന്‍പ് വിവാഹം കഴിച്ചതിന്റെ രേഖകള്‍ ബാഗിലുണ്ടായിരുന്നു. ഉടന്‍തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സിഐ: അജീഷ്, എസ്‌ഐ: വേണു എന്നിവരും വനിതാ പൊലീസ് ഉദ്യേഗസ്ഥരും ചേര്‍ന്ന് വിവാഹ ഓഡിറ്റോറിയത്തിലേയ്ക്ക് പോകാന്‍ നിന്ന രേഷ്മയെ നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യവിവാഹമാണെന്ന് പറഞ്ഞാണ് രേഷ്മ മറ്റ് വിവാഹങ്ങള്‍ കഴിച്ചിരുന്നത്.

 

Back to top button
error: