പരിശോധനകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശ പ്രകാരം; കെ. രാധാകൃഷ്ണന്റെയും അബ്ദുള്‍ വഹാബിന്റെയും മജിസ്‌ട്രേറ്റിന്റെയും വാഹനം പരിശോധിച്ചു; പരാതി നല്‍കുന്നില്ലേ എന്ന ചോദ്യത്തില്‍നിന്ന് ഒഴിഞ്ഞുമാറി ഷാഫി പറമ്പില്‍; പരിശോധനകളോട് സഹകരിക്കുകയാണു വേണ്ടതെന്ന് എം. സ്വരാജ്

നിലമ്പൂര്‍: തെരഞ്ഞെടുപ്പു കാലത്തെ പരിശോധനയില്‍നിന്ന് ആരെയും ഒഴിവാക്കാന്‍ കഴിയില്ലെന്നും തുടര്‍ന്നു പരിശോധനയുണ്ടാകുമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍. ശനിയാഴ്ച രാവിലെ എംപിമാരായ കെ. രാധാകൃഷ്ണന്റെയും അബ്ദുള്‍ വഹാബിന്റെയും ഒരു മജിസ്‌ട്രേറ്റിന്റെ വാഹനവും പരിശോധിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാഹന പരിശോധനയില്‍ പരാതി നല്‍കാനില്ലെന്നും ഷാഫി പറമ്പില്‍ എംപിയും രാഹും മാങ്കൂട്ടത്തിലും പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ സഞ്ചരിച്ച വാഹനം പോലീസ് പരിശോധിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരേ തട്ടിക്കയറിയ ഇരുവരും പിന്നീട് ഇക്കാര്യം നിഷേധിച്ചു. വാഹനത്തിലുള്ള പെട്ടി തുറക്കാതിരുന്നതിനാല്‍ സ്വാഭാവികമായി പ്രതികരിച്ചെന്നാണ് ഇരുവരും പറഞ്ഞത്.

എംപിയുടെ മുഖത്തേക്ക് ടോര്‍ച്ച് അടിച്ച് പുറത്തേക്കിറങ്ങാന്‍ പറഞ്ഞു. വാഹനത്തിന്റെ ഡിക്കി തുറക്കാനും പെട്ടി പുറത്തുവെക്കാനും ആവശ്യപ്പെട്ടു. ആ പെട്ടി തുറക്കാതെ തങ്ങളെ അപമാനിക്കുകയായിരുന്നെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ആരോപണം. എല്‍ഡിഎഫ് നേതാക്കളുടെ വാഹനങ്ങള്‍ പരിശോധിക്കുന്നില്ലെന്ന് ഷാഫി പറമ്പിലും ആരോപിച്ചു. അപമാനിക്കപ്പെട്ടെങ്കില്‍ എന്തുകൊണ്ട് പരാതി നല്‍കുന്നില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇരുവരും ഒഴിഞ്ഞുമാറി. പരാതി ജനങ്ങള്‍ കാണുന്നുണ്ടല്ലോ എന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം.
പെട്ടിയിലുള്ളത് കാണാനാകുമെന്ന് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ രാഹുലിനോടും ഷാഫിയോടും പറയുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിശോധന നടക്കുന്നതിനിടെ ഭീഷണിപ്പെടുത്തുന്നതും സര്‍വീസിനുള്ള പാരിതോഷികം തരാമെന്നു രാഹുല്‍ പറയുന്നതു വീഡിയോയില്‍ വ്യക്തമാണ്. നിയമവിധേയമായി എല്ലാവരും പരിശോധനയോട് സഹകരിക്കുകയാണ് വേണ്ടതെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തന്റെ വാഹനവും പരിശോധിച്ചിരുന്നു. അത്തരം പരിശോധനകള്‍ നല്ലതാണ്. നമ്മുടെ സുതാര്യത ബോധ്യപ്പെടുത്താനും ആര്‍ക്കെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനും കഴിയും. ഏകപക്ഷീയമായ പരിശോധനകളൊന്നും കേരളത്തില്‍ നടക്കില്ല. വാഹനം പരിശോധിച്ചതില്‍ കോണ്‍?ഗ്രസ് നേതാക്കള്‍ക്ക് പ്രയാസമുണ്ടെങ്കില്‍ നിയമപരമായി നീങ്ങട്ടെയെന്നും സ്വരാജ് പറഞ്ഞു. നിലമ്പൂര്‍ വടപുറത്ത് വെള്ളിയാഴ്ച രാത്രിയാണ് ഷാഫി പറമ്പില്‍ എംപിയും രാഹുല്‍മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് കമീഷന്‍ പരിശോധിച്ചത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലേതിന് സമാനമായി നിലമ്പൂരിലും ട്രോളി ബാഗ് പരിശോധനാവിവാദം. തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വടപുറത്ത് വച്ച് ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും കാര്‍ തടഞ്ഞ് പൊലീസ് ബാഗുകള്‍ പരിശോധിച്ചത്. പി.കെ.ഫിറോസും വാഹനത്തിലുണ്ടായിരുന്നു. ഷാഫിയും രാഹുലും പൊലീസിനോട് കയര്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.
വണ്ടിയില്‍ നിന്നിറങ്ങി പെട്ടി കാണിക്കാന്‍ പൊലീസ് പറഞ്ഞുവെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. പുറത്ത് നിന്ന് കണ്ടപ്പോള്‍ ‘ആ മതി പോട്ടെ എന്ന്’ പറഞ്ഞു. ഇതോടെ പെട്ടി പരിശോധിച്ചേ പറ്റൂ എന്ന് നിലപാടെടുത്തുവെന്നും പരിശോധനയായിരുന്നില്ല ലക്ഷ്യമെന്നും ഷാഫി പറഞ്ഞു. അപമാനിക്കുകയാണ് പൊലീസ് ചെയ്തതെന്ന് എംപിയുടെ മുഖത്ത് ടോര്‍ച്ചടിച്ചുവെന്നും രാഹുല്‍ മാങ്കൂട്ടത്തിലും ആരോപിച്ചു. ടോര്‍ച്ച് കൊണ്ടാണ് വണ്ടിയില്‍ നിന്നിറങ്ങാന്‍ ആംഗ്യം കാണിച്ചതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുഡിഎഫ് നേതാക്കളുടെ പെട്ടികള്‍ മാത്രമാണ് പരിശോധിക്കുന്നതെന്നും പരിശോധന രാഷ്ട്രീയ പ്രേരിതമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ആസൂത്രിതമായ നടപടിയാണിതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പെട്ടി പരിശോധിച്ച് ജയിക്കാമെന്ന് കരുതേണ്ടെന്ന് ആര്യാടന്‍ ഷൗക്കത്തും പ്രതികരിച്ചു.