രണ്ടും കല്‍പിച്ച് കടലിലേക്ക് ചാടി, നീന്തി കരക്കണഞ്ഞു; സോമാലിയയില്‍ എത്തപ്പെടാതിരിക്കാന്‍ തമിഴ്‌നാട്ടുകാരുടെ അതിസാഹസിക രക്ഷപ്പെടല്‍

സലാല(ഒമാന്‍): വിസ തട്ടിപ്പില്‍പ്പെട്ട് സോമാലിയയിലേക്ക് കൊണ്ടുപോകവേ തമിഴ്നാട്ടുകാര്‍ രക്ഷപ്പെട്ടത് അതിസാഹസികമായി. മീന്‍ പിടിത്ത ജോലിക്കായി ബഹറൈനിലെത്തിയ ശേഷം ഉരുവില്‍ കയറ്റി കൊണ്ടുപോകവേയാണ് മൂന്നു പേര്‍ അതിസാഹസികമായി രക്ഷപ്പെട്ടത്. തമിഴ്നാട് കടലൂര്‍ സ്വദേശികളായ വേതാചലം നടരാജന്‍ (50), അജിത് കനകരാജ് (49), ഗോവിന്ദരസു രാജ(27) എന്നിവര്‍ ഏതാനും നാളുകള്‍ക്ക് മുമ്പാണ് ജോലിക്കായി ബഹറൈന്‍ വിസയില്‍ മനാമയിലെത്തിയത്. വിസക്കായി ഒന്നരലക്ഷം രൂപ വീതമാണ് ഏജന്റിന് ഇവര്‍ നല്‍കിയത്.
മീന്‍ പിടിത്ത ജോലികളില്‍ പ്രാവീണ്യരായ ഇവര്‍ അത്തരം ജോലിക്കായാണ് എത്തിയത്. ബഹറൈനില്‍ എത്തിയപ്പോഴാണ് ജോലി അവിടെയല്ലെന്നും കടല്‍ മാര്‍ഗം മറ്റൊരു സ്ഥലത്തേക്ക് പോകണമെന്നും ഇവരെ കൊണ്ട് വന്നവര്‍ പറയുന്നത്. ഏതായാലും ജോലിക്ക് വന്നതല്ലേ പോകാമെന്ന് കരുതി ഉരുവില്‍ കയറി. രണ്ട് നാള്‍ യാത്ര കഴിഞ്ഞിട്ടും ജോലി സ്ഥലത്തെത്തിയില്ല. ഇതോടെ എന്തോ ചതി പറ്റിയിട്ടുണ്ടെന്ന് ഇവര്‍ക്ക് ബോധ്യപ്പെട്ടു. ഇതിനിടയില്‍ ഉരുവിലെ മറ്റുള്ളവരുടെ സംസാരത്തില്‍ നിന്ന് സോമാലിയയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് ഇവര്‍ മനസ്സിലാക്കി.

മൂന്നാം നാള്‍ രാത്രി കടലിന്റെ സ്വഭാവം മാറി. വലിയ തിരമാലകള്‍ ഉരുവിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമായി. കൂടുതല്‍ പ്രയാസമാകുമെന്ന് കണ്ട കപ്പിത്താന്‍ ഉരു കപ്പല്‍ ചാലില്‍ നിന്ന് അടുത്ത് കണ്ട തീരത്തിനടുത്തായി നങ്കൂരമിട്ടു. തീരത്തെ വെളിച്ചം കണ്ട കടലൂര്‍ സ്വദേശികള്‍ ഇത് തന്നെ രക്ഷപ്പെടാന്‍ അവസരമെന്ന് തീരുമാനിച്ചു. രാത്രി വൈകി എല്ലാവരും ഉറക്കമായപ്പോള്‍ രണ്ടും കല്‍പ്പിച്ച് കടലിലേക്ക് ചാടി. നീന്തി തീരത്തണഞ്ഞു.
മീന്‍ പിടിത്തക്കാരായിരുന്ന ഇവര്‍ക്ക് കടലിലെ നീന്തല്‍ അത്ര പുത്തിരിയായിരുന്നില്ല. സലാലക്കടുത്ത് താഖയിലാണ് ഇവര്‍ നീന്തി തീരമണഞ്ഞത്. നേരെ പൊലീസ് സ്റ്റേഷനില്‍ പോയി കീഴടങ്ങി. ഇവരുടെ കഥ കേട്ട ആര്‍.ഒ.പി ഓപറേഷന്‍ ഹെഡ് കോണ്‍സുലാര്‍ ഏജന്റ് ഡോ. കെ. സനാതനനെ വിവരമറിയിച്ചു. അദ്ദേഹം ഉടനെ സ്ഥലത്തെത്തി ഇവരെ കണ്ടു. രക്ഷപ്പെട്ട കഥ അപ്പോഴാണ് പുറം ലോകം അറിയുന്നത്. അദ്ദേഹം ഉടനെ നാട്ടില്‍ ബന്ധപ്പെടുകയും ഇവര്‍ക്ക് ടിക്കറ്റിന് വേണ്ട കാര്യങ്ങള്‍ ഏര്‍പ്പാടാക്കുകയും ചെയ്തു. വിസയുടെ കാര്യങ്ങള്‍ ആര്‍.ഒ.പി അധികൃതര്‍ പൂര്‍ത്തീകരിച്ച് നല്‍കി.
നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 12 നുള്ള സലാം എയറില്‍ മസ്‌കത്ത് വഴി ചെന്നൈയിലേക്ക് തിരിച്ചു. ചാടുന്നതിന് മുമ്പ് പാസ്പോര്‍ട്ടെല്ലാം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ദേഹത്ത് കരുതിയതിനാല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനായതായി ഡോ. കെ. സനാതനന്‍ പറഞ്ഞു.