ദത്തെടുത്ത പെണ്‍കുഞ്ഞിനെ ലൈംഗികമായി ചൂഷണംചെയ്തു; വളര്‍ത്തച്ഛന്‍ അറസ്റ്റില്‍, സംഭവം പാറശ്ശാലയില്‍

തിരുവനന്തപുരം: പാറശ്ശാലയില്‍ അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ചൂഷണം ചെയ്ത വളര്‍ത്തച്ഛന്‍ അറസ്റ്റില്‍. ശിശുക്ഷേമ സമിതിയില്‍നിന്ന് ദത്തെടുത്ത കുഞ്ഞിനെയാണ് 52 കാരന്‍ ലൈംഗികമായി ചൂഷണം ചെയ്തത്. കുട്ടി അമ്മയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. ഡോക്ടറുടെ പരിശോധനയില്‍ പീഡനം സ്ഥിരീകരിച്ചു. തുടര്‍ന്ന് പാറശ്ശാല പൊലീസ് കുട്ടിയുടെ മൊഴിയില്‍ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി.
അതേസമയം, കോഴിക്കോട് കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതി അജ്‌നാസിന്റെ ഭാര്യയും അറസ്റ്റില്‍. അടുക്കത്ത് സ്വദേശി മിസ്‌രിയാണ് അറസ്റ്റിലായത്. ലൈംഗികമായി പീഡിപ്പിച്ചെന്ന കുട്ടിയുടെ പരാതിയില്‍ പോക്‌സോ ചുമത്തിയാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നിരവധി കുട്ടികള്‍ ദമ്പതികളുടെ പീഡനത്തിനിരയായെന്നും സംശയമുണ്ട്.

കഴിഞ്ഞ ആഴ്ചയാണ് അജ്നാസ് പൊലീസ് പിടിയിലാകുന്നത്. പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തത്. കേസ് എടുത്തതിന് പിന്നാലെ പ്രതി അജ്മീറിലേക്ക് പോവുകയാണ് ഉണ്ടായത്. ഈ വിവരം പൊലീസിന് ലഭിച്ചതിനെ തുടര്‍ന്ന് മംഗലാപുരത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.