ഇസ്രയേല്‍ ആക്രമണത്തിന് മറുപടി നല്‍കി ഇറാന്‍, കനത്ത ഡ്രോണ്‍ ആക്രമണം

ടെഹ്‌റാന്‍: മധ്യേഷ്യയിലെ യുദ്ധസമാന സാഹചര്യത്തിനിടെ ഇസ്രയേലിനെതിരെ തിരിച്ചടി തുടങ്ങി ഇറാന്‍. ഇസ്രയേലിന്റെ ‘ഓപ്പറേഷന്‍ റൈസിങ് ലയണിന്’ മറുപടിയായി നൂറോളം ഡ്രോണുകളാണ് ഇറാന്‍ ഇസ്രയേലിലേക്കു തൊടുത്തത്. ഇറാനെതിരായ ആക്രമണങ്ങള്‍ക്ക് ഇസ്രയേലിന് ‘കയ്‌പേറിയതും വേദനാജനകവുമായ’ മറുപടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി മുന്നറിയിപ്പ് നല്‍കി.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെ നടന്ന ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്നും ഇറാന്‍ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ആണവായുധ നിര്‍മാണത്തില്‍ ഇറാന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് ഐഡിഎഫ് വ്യക്തമാക്കി.
ഇറാന്റെ ആണവ പ്ലാന്റുകളില്‍ ഇസ്രയേല്‍ വ്യോമാക്രമണം; ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’, അടിയന്തരാവസ്ഥ
അതേസമയം, ഇസ്രയേല്‍ ആക്രമണത്തില്‍ ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവ് കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. തലസ്ഥാനമായ ടെഹ്റാന്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള ഒന്നിലധികം കേന്ദ്രങ്ങളില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. പിന്നാലെ ഇറാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്.