ഗാനഗന്ധര്‍വന്‍ വിമാനപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് രണ്ടുതവണ!

ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ് 2 തവണ വിമാനാപകടങ്ങളില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടതാണ് 1971 ഡിസംബര്‍ 9ന് ആയിരുന്നു ആദ്യ സംഭവം. പശ്ചിമഘട്ടത്തിലെ മേഘമലയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ യാത്ര ചെയ്യേണ്ടതായിരുന്നു യേശുദാസ്. വിമാനത്താവളത്തിലെത്താന്‍ വൈകിയതിനാല്‍ മാത്രമാണ് അന്ന് അദ്ദേഹം തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. കൊച്ചിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് ആദ്യയാത്ര നടത്തിയ ആവ്റോ വിമാനം തുടര്‍ന്ന് മധുരയിലേക്കു പറക്കുമ്പോഴാണു തകര്‍ന്നുവീണത്. തിരുകൊച്ചിയിലെ ആരോഗ്യ മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ജി.ചന്ദ്രശേഖരപിള്ള ഉള്‍പ്പെടെ 20 പേരാണു കൊല്ലപ്പെട്ടത്. 1978 ഒക്ടോബര്‍ 13ന് ആയിരുന്നു രണ്ടാമത്തെ സംഭവം.
തീപിടിച്ച് ബ്രിട്ടനിലെ മാഞ്ചെസ്റ്ററിലെ റിംഗ്വേ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനത്തിലെ 350 യാത്രക്കാരില്‍ യേശുദാസ്, ഭാര്യ പ്രഭ, ഒരു വയസ്സുള്ള മകന്‍ വിനോദ്, അന്നത്തെ കൊച്ചുഗായിക സുജാത (ഇന്നത്തെ സുജാത മോഹന്‍), സുജാതയുടെ അമ്മ ദേവി തുടങ്ങിയവരും ഉണ്ടായിരുന്നു. കാനഡയിലും ന്യൂയോര്‍ക്കിലും സംഗീതപരിപാടികള്‍ നടത്തിയശേഷം ലണ്ടന്‍ വഴി ന്യൂഡല്‍ഹിയിലേക്കു മടങ്ങിയ യേശുദാസിന്റെ സംഘത്തില്‍ 6 ഗായകരും ഉണ്ടായിരുന്നു.

ന്യൂയോര്‍ക്കില്‍നിന്നു പറന്നുയര്‍ന്ന് 3 മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് വിമാനത്തിലെ ബാഗേജ് സൂക്ഷിക്കുന്ന സ്ഥലത്തു പുക കണ്ടത്. അറ്റ്‌ലാന്റിക് സമുദ്രത്തിനു മുകളിലായിരുന്ന വിമാനം പൈലറ്റ് അടിയന്തരമായി മാഞ്ചെസ്റ്ററില്‍ ഇറക്കി. വിമാനത്തിലെ ഒരു ബള്‍ബില്‍നിന്നുള്ള ചൂടേറ്റ് യേശുദാസിന്റെ ഇലക്ടിക് ഓര്‍ഗന്‍ ഉരുകിയാണു പുക വന്നതെന്ന് പിന്നീടു കണ്ടെത്തി. തീ പടര്‍ന്നെങ്കില്‍ വന്‍ദുരന്തം ഉണ്ടാകുമായിരുന്നു.