Breaking NewsLead NewsNEWSWorld

ഇറാന്റെ ആണവ പ്ലാന്റുകളില്‍ ഇസ്രയേല്‍ വ്യോമാക്രമണം; ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’, അടിയന്തരാവസ്ഥ

ജറുസലേം: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേലിന്റെ കനത്ത ആക്രമണം. ഇറാന്റെ ആണവപ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ സൈനിക വിഭാഗമായ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഇറാന്റെ വിവിധ പ്രദേശങ്ങളിലെ ആണവ പ്ലാന്റുകള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. ഇസ്രയേല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആദ്യ ആക്രമണം. ഇറാനെതിരെ നടന്ന ആക്രമണം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ ആണ് ഇറാനെതിരെ നടക്കുന്നതെന്നും ഇസ്രയേല്‍ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേല്‍ ആക്രമണത്തിന് മറുപടി നല്‍കി ഇറാന്‍, കനത്ത ഡ്രോണ്‍ ആക്രമണം

Signature-ad

മേഖലയില്‍ ഒരു ‘വലിയ സംഘര്‍ഷം’ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാവിലെ ഇറാനില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം ആക്രമണത്തിനു പിന്നാലെ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഓപ്പറേഷന്‍ റൈസിങ് ലയണിനു പകരമായി ഇറാന്റെ പ്രത്യാക്രമണം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.

അതേസമയം, തങ്ങളുടെ ആക്രമണം ഇറാനിലെ ജനതയ്ക്കു നേരെയല്ലെന്നും ഇറാനിലെ ഏകാധിപത്യ സര്‍ക്കാരിനെതിരെയാണെന്നും നെതന്യാഹു പറഞ്ഞു. ഓപ്പറേഷന്‍ തുടരുമെന്നും വരുംദിവസങ്ങളില്‍ ആക്രമണം വ്യാപകമാക്കുമെന്നും നെതന്യാഹു അറിയിച്ചിട്ടുണ്ട്. ടെഹ്‌റാന്‍ ആക്രമണത്തിനു പിന്നാലെ ഇറാഖ് തങ്ങളുടെ വ്യോമപാത അടച്ചു. ഇറാന്റെ പ്രധാന ആണവകേന്ദ്രമായ നടാന്‍സ് ആണവപ്ലാന്റും ഇസ്രയേല്‍ ആക്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Back to top button
error: