സംയുക്ത സൈനിക മേധാവിയും ഐആര്‍ജിസി തലവനും കൊല്ലപ്പെട്ടു, ഇറാന് വന്‍ ആഘാതം; ആക്രമണം തുടരുമെന്ന് ഇസ്രയേല്‍

ടെഹ്‌റാന്‍: ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇറാന് കനത്ത ആഘാതം. സൈനിക മേധാവികളും ആണവ ശാസ്ത്രജ്ഞന്‍മാരും കൊല്ലപ്പെട്ടു. ടെഹ്‌റാനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ (ഐആര്‍ജിസി) മേധാവി ഹൊസൈന്‍ സലാമിയും കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. ഇറാനെതിരെ ഇസ്രയേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ റൈസിങ് ലയണില്‍’ കൊല്ലപ്പെട്ടവരില്‍ ബാഗേരിയും സലാമിയും ഉള്‍പ്പെടുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ മാത്രം 6 സ്‌ഫോടനങ്ങള്‍ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷന്‍ റൈസിങ് ലയണ്‍’ തുടരുമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആക്രമണത്തില്‍ രണ്ട് മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറ്റമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്റെ മുന്‍ തലവന്‍ ഫെറൈഡൂണ്‍ അബ്ബാസി, ടെഹ്റാനിലെ ഇസ്ലാമിക് ആസാദ് സര്‍വകലാശാല പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്റാഞ്ചി എന്നിവരാണ് കൊല്ലപ്പെട്ടത്. 2010-ല്‍ ടെഹ്റാനില്‍ ഫെറൈഡൂണ്‍ അബ്ബാസിക്ക് നേരെ വധശ്രമം നടന്നിരുന്നു.
ഇസ്രയേല്‍ ആക്രമണത്തിന് മറുപടി നല്‍കി ഇറാന്‍, കനത്ത ഡ്രോണ്‍ ആക്രമണം

”നടാന്‍സിലുള്ള ഇറാന്റെ പ്രാഥമിക ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിനും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്കും നേരെയും ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. മുഹമ്മദ് ബാഗേരി കൊല്ലപ്പെട്ടിരിക്കാം. ടെഹ്‌റാനില്‍ നടത്തിയ ആദ്യ ആക്രമണത്തില്‍ തന്നെ ഇറാനിയന്‍ ചീഫ് ഓഫ് സ്റ്റാഫും മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത.” ഇസ്രയേലി ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. ബാഗേരിയും സലാമിയും കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോറിലെ (ഐആര്‍ജിസി) മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനാണ് മുഹമദ് ബാഗേരി. 2016 മുതല്‍ ഇറാന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ആണ്. 1980ലാണ് ബാഗേരി സൈന്യത്തില്‍ ചേരുന്നത്. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. 202223ല്‍ ഇറാനില്‍ നടന്ന ജനകീയ പ്രതിഷേധത്തിനിടെ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ബാഗേരിക്ക് യുഎസ്, കാനഡ, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. മുഹമ്മദ് ഹൊസൈന്‍ ബാഗേരിയുടെ മൂത്ത സഹോദരനും ഐആര്‍ജിസി കമാന്‍ഡറുമായ ഹസ്സന്‍ ബാഗേരി ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ കൊല്ലപ്പെട്ടിരുന്നു.