Breaking NewsCrimeLead NewsNEWS

കോഴിക്കോട് പട്ടാപ്പകല്‍ 40 ലക്ഷം കവര്‍ന്ന കേസ്: പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍, പിടിവീണത് ബസ് യാത്രയ്ക്കിടെ

കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്നും നാല്‍പതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസില്‍ പ്രതി ഷിബിന്‍ ലാല്‍ പിടിയില്‍. ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ ബസില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഫറൂഖ് എസിപിയുടെ ഓഫീസില്‍ എത്തിച്ച പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റിലേക്ക് നീളാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. അതേസമയം നഷ്ടപ്പെട്ട 40 ലക്ഷം രൂപ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് വിവരം.

രാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്റെ കയ്യില്‍ നിന്നും നാല്‍പത് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിന്‍ലാല്‍ സ്‌കൂട്ടറില്‍ കടന്നു കളഞ്ഞു എന്നതാണ് കേസ്. കഴിഞ്ഞ ദിവസം പന്തീരാങ്കാവിലെ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡില്‍ നിന്ന് സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. വാടകയ്ക്കെടുത്ത സ്‌കൂട്ടറാണ് കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്.

Signature-ad

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ അരവിന്ദ് എന്ന ജീവനക്കാരന്റെ കയ്യില്‍ നിന്നാണ് പണമടങ്ങിയ ബാഗ് പ്രതി തട്ടിപ്പറിച്ചത്. കൃത്യം നടക്കുമ്പോള്‍ ഇസാഫ് ബാങ്കിലെ ഏഴ് ജീവനക്കാര്‍ കൂടി സമീപത്തുണ്ടായിരുന്നു. ഇസാഫ് ബാങ്കിലെ സ്റ്റാഫ് അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങിയ കറുത്ത ബാഗ് രാമനാട്ടുകര-പന്തീരാങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേയ്ക്ക് പോകുന്ന വഴി അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിന് മുന്നില്‍ വെച്ച് ഷിബിന്‍ ലാല്‍ തട്ടിപ്പറിച്ച് കറുത്ത ജൂപ്പിറ്റര്‍ വാഹനത്തില്‍ കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പണം നഷ്ടപ്പെട്ടയുടന്‍ തന്നെ ജീവനക്കാരന്‍ ബാങ്കില്‍ തിരിച്ചെത്തി വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഷിബിന്‍ ലാല്‍ എന്ന പ്രതിയിലേയ്ക്ക് പൊലീസ് എത്തിയത്.

 

Back to top button
error: