
അഗര്‍ത്തല: യുവാവിനെ കൊന്ന് ഐസ്‌ക്രീം ഫ്രീസറില്‍ ഒളിപ്പിച്ച സംഭവത്തില്‍ കാമുകിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. ത്രിപുരയിലാണ് സംഭവം. അഗര്‍ത്തല സ്വദേശിയായ ഷരിഫുള്‍ ഇസ്ലാം (27) ആണ് കൊടും ക്രൂരതയ്ക്ക് ഇരയായത്. യുവാവിന്റെ മരണത്തില്‍ കാമുകിയുടെ ബന്ധുക്കളായ ഡോ. ദിബാകര്‍ സാഹ, ഇയാളുടെ മാതാപിതാക്കളായ ദീപക് സാഹ (52), ദേബിക (48), സുഹൃത്തുക്കളായ ജയ്ദീപ് ദാസ് (20), നബനിത ദാസ് (25), അനിമേഷ് യാദവ് (21) എന്നിവരെയാണ് അഗര്‍ത്തല സിറ്റി പൊലീസ് അറസ്റ്റ് ചെയതു.
ധലായി ജില്ലയിലാണ് സംഭവം. ഷെരീഫുളും ചന്ദ്രപുര്‍ സ്വദേശിനിയായ 20 കാരിയായ യുവതിയും പ്രണയത്തിലായിരുന്നു. ദിബാകര്‍ സാഹയ്ക്ക് അതേ പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. അടുത്തിടെ പെണ്‍കുട്ടിയുടെ പിതാവ് മരിച്ചു. ഇതിനുശേഷം വീട്ടിലെത്തിയ ദിബാകര്‍, പെണ്‍കുട്ടിയ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി അതിനെ എതിര്‍ത്തു. ഷെരീഫുളിനോടുള്ള ഇഷ്ടം കാരണമാണ് തന്റെ പ്രണയാഭ്യര്‍ഥന സ്വീകരിക്കാത്തതെന്ന് ഇയാള്‍ വിശ്വസിച്ചു. ഷരീഫുള്‍ ജീവിച്ചിരിക്കുന്നേടത്തോളം കാലം തന്റെ ആഗ്രഹം നടക്കില്ലെന്ന് മനസ്സിലായപ്പോഴാണ് ഇയാള്‍ കൊലപാതകം ആസൂത്രണം ചെയ്തത്.

ജൂണ്‍ എട്ടിന് രാത്രി, ഒരു സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞാണ് ഷരിഫുളിനെ ദിബാകര്‍ വീട്ടിലേക്കു വിളിച്ചുവരുത്തി. ഇതിനുശേഷം സുഹൃത്തുക്കളുടെ സഹായത്തോടെകഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും മൃതദേഹം ഒരു ട്രോളി ബാഗിലാക്കി സൂക്ഷിച്ച വയ്ക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഗണ്ഡചേരയില്‍ താമസിക്കുന്ന മാതാപിതാക്കളെ ദിബാകര്‍ അഗര്‍ത്തലയിലേക്ക് വിളിച്ചുവരുത്തി. കാറുമായി അഗര്‍ത്തലയിലെത്തിയ മാതാപിതാക്കള്‍ ഗണ്ഡചേരയിലേക്ക് മൃതദേഹം കൊണ്ടുപോയി.തുടര്‍ന്ന് മൃതദേഹം അവരുടെ കടയിലെ ഐസ്‌ക്രീം ഫ്രീസറില്‍ ഒളിപ്പിക്കുകയായിരുന്നു.
ഷരിഫുളിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദിബാകറിലേക്കെത്തുന്നത്. ദിബാകറിനെ പൊലീസ് അറസ്റ്റ് ചെയ്തുത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം അറിയുന്നത്. ദിബാകറിന്റെ മാതാപിതാക്കളുടെ വസതിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.