60 ലക്ഷത്തിന്റെ 100 വെരുകുകള്‍, 25 സ്വര്‍ണക്കട്ടി, 17 ലക്ഷം രൂപ… സ്ത്രീധനപ്പട്ടിക നീളുകയാണ്

മകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ അച്ഛന്‍ നല്‍കിയ വിവാഹസമ്മാനങ്ങള്‍ കണ്ട് കണ്ണുതള്ളി നില്‍ക്കുകയാണ് ലോകം!
വിയറ്റ്‌നാമില്‍ നടന്ന വിവാഹത്തില്‍ 60 ലക്ഷം രൂപ വിലമതിക്കുന്ന 100 വെരുകുകളുള്‍പ്പടെ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് വധുവിന്റെ കുടുംബം നല്‍കിയത്. വെരുകിന്റെ വിസര്‍ജ്യത്തില്‍ നിന്നാണ് ലോകത്തെ ഏറ്റവും വില കൂടിയ കാപ്പികളില്‍ ഒന്നായ കോപ്പി ലുവാക്ക് ഉത്പാദിപ്പിക്കുന്നത്. ഇതുകൊണ്ടു തന്നെയാണ് വെരുകിന് ഇത്ര വില വരുന്നതും.
22 വയസ്സുകാരിയായ വധുവിനുള്ള സമ്മാനം 100 വെരുകില്‍ ഒതുക്കാന്‍ കുടുംബം തയാറായിരുന്നില്ല. 25 സ്വര്‍ണക്കട്ടികളും പണമായി 20,000 ഡോളര്‍ (ഏകദേശം 17 ലക്ഷം രൂപ), 300 മില്ല്യണ്‍ ഡോങ് (ഏകദേശം 10 ലക്ഷം രൂപ മൂല്യമുള്ള കമ്പനി ഓഹരികളും, അമൂല്യമായ മറ്റനവധി വസ്തുക്കളും) എന്നിവ സമ്മാന പട്ടികയില്‍ ഇടം പിടിച്ചിരുന്നു. തെക്കു പടിഞ്ഞാറന്‍ വിയറ്റ്നാമില്‍ മേയിലാണ് ഈ ആഡംബര വിവാഹം നടന്നതെന്നും വരന്റെ കുടുംബം വജ്രാഭരണങ്ങളും 200 മില്ല്യണ്‍ ഡോങും വധുവിന്റെ കുടുംബത്തിന് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

മകള്‍ക്ക് വ്യത്യസ്തമായ വിവാഹസമ്മാനങ്ങള്‍ നല്‍കാനുള്ള കാരണത്തെപ്പറ്റി വധുവിന്റെ അച്ഛന്‍ ഹോങ് ചി ടാം വിശദീകരിക്കുന്നതിങ്ങനെ – ‘എന്റെ മക്കളെല്ലാവരും ബിരുദധാരികളാണ്. കുടുംബ ബിസിനസ്സ് നോക്കി നടത്തുന്നതും അവരാണ്. എന്റെ മകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം വേണമെന്ന ആഗ്രഹത്താലാണ് ഇത്രയും സമ്മാനങ്ങള്‍ അവള്‍ക്ക് നല്‍കിയത്. ഞാന്‍ നല്‍കിയ സമ്മാനങ്ങളില്‍ക്കൂടി മികച്ചൊരു വരുമാനം അവള്‍ക്കുറപ്പുവരുത്താനാകും. ഞാന്‍ നല്‍കിയ സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവള്‍ക്ക് നന്നായറിയാം. എല്ലാ രീതിയിലും അവള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പു വരുത്തണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്.’