പ്രധാനമന്ത്രി അഹമ്മദാബാദില്‍; ആദ്യമെത്തിയത് അപകട സ്ഥലത്ത്, ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു; വിമാന ദുരന്തത്തില്‍ മരണം 294

അഹമ്മദാബാദ്: എയര്‍ ഇന്ത്യ ബോയിംഗ് 787-8 വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തില്‍ പരിക്കേറ്റവര്‍ ചികിത്സ തേടിയിരിക്കുന്ന ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെ പരിക്കേറ്റവര്‍ കഴിയുന്ന ആശുപത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ചു.
കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലത്തെത്തിയിരുന്നു. അപകട വിവരം അറിഞ്ഞ സമയം തന്നെ ഗുജറാത്ത് മുഖ്യമന്ത്രിയുമായും വ്യോമയാന മന്ത്രിയുമായും താന്‍ സംസാരിച്ചുവെന്നും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയെന്നും അമിത് ഷാ പറഞ്ഞിരുന്നു. രക്ഷിക്കാന്‍ ഒരു അവസരവും അവിടെ ഇല്ലായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു.

വിമാന ദുരന്തത്തില്‍ 294 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. വ്യാഴാഴ്ച വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരില്‍ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.
അപകടത്തില്‍ പെട്ട വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 10 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ 24 പ്രദേശവാസികളും കൊല്ലപ്പെട്ടു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1:40നായിരുന്നു അപകടം നടന്നത്. വിമാനം ഇടിച്ചിറങ്ങിയ കെട്ടിടം കത്തിനശിച്ചു. അപകട സ്ഥലത്തുനിന്ന് ആശുപത്രികളിലെത്തിച്ചതില്‍ 80 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവരെ തിരിച്ചറിയാനായി യാത്രക്കാരുടെ ബന്ധുക്കളില്‍ നിന്ന് ഡിഎന്‍എ ശേഖരിക്കുന്നുണ്ട്.