തോല്‍വി പേടിച്ച് നാടുവിട്ടു; കോളജ് വിദ്യാര്‍ഥിനിക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും

തിരുവനന്തപുരം: പരീക്ഷയില്‍ തോല്‍ക്കുമെന്നു പേടിച്ച് നാടുവിട്ട കോളജ് വിദ്യാര്‍ഥിനിക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നു തെങ്കാശിക്കുള്ള ഫാസ്റ്റിലെ ജീവനക്കാരാണ് വിദ്യാര്‍ഥിനിയെ തിരികെ നാട്ടിലെത്തിച്ചത്.
സംഭവം ഇങ്ങനെ: രണ്ട് മണിയുടെ തിരുവനന്തപുരം – തെങ്കാശി ഫാസ്റ്റ്, ട്രാക്ക് പിടിച്ചപ്പോള്‍ റിസര്‍വേഷന്‍ സീറ്റില്‍ ഒരു യുവതി ഇരിക്കുന്നത് ശ്രദ്ധയില്‍ പെട്ട തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ സജി മോസസ് വിദ്യാര്‍ഥിയോട് മാറി ഇരിക്കാന്‍ ആവശ്യപ്പെട്ടു. എവിടയാണ് ഇറങ്ങേണ്ടത് എന്നും തിരക്കി. വിദ്യാര്‍ഥിനി തെങ്കാശിയിലേക്ക് പോകാന്‍ ആണെന്ന് പറഞ്ഞപ്പോള്‍ കണ്ടക്ടറും, ഡ്രൈവര്‍ എച്ച് അനില്‍കുമാറും ചേര്‍ന്ന് സീറ്റ് റിസര്‍വ് ചെയ്ത് കൊടുത്തു.

ബസ് ഏകദേശം 05.30 ഓടെ തെങ്കാശിയില്‍ എത്തി യാത്രക്കാര്‍ എല്ലാം ഇറങ്ങി കൂട്ടത്തില്‍ വിദ്യര്‍ഥിനിയും. തെങ്കാശിയില്‍ ഒരു മണിക്കൂര്‍ ജീവനക്കാരുടെ വിശ്രമ സമയം ആണ്. ബസ് തിരികെ 06.30 ന് ആണ് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നത്. 06.20 ഓടെ തിരികെ പുറപ്പെടാനുള്ള തയ്യാറെടുപ്പുകള്‍ ജീവനക്കാര്‍ ആരംഭിച്ചു.
അതിനിടെ തെങ്കാശി സ്റ്റാന്‍ഡില്‍ കണ്ണോടിച്ച ഡ്രൈവറാണ് ആദ്യ ട്രിപ്പില്‍ ബസില്‍ ഉണ്ടായിരുന്ന കോളജ് വിദ്യാര്‍ഥിനി സ്റ്റാന്‍ഡില്‍ അലഞ്ഞു നടക്കുന്നത് കണ്ടത്. രാത്രിയില്‍ ആ കുട്ടിക്ക് ഉണ്ടാകാന്‍ സാധ്യത ഉള്ള ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണ് എന്ന് മനസിലാക്കിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസില്‍ നിന്നു ഇറങ്ങി അവരോട് കാര്യം തിരക്കി. തെങ്കാശിയില്‍ എന്തിനാണ് വന്നത് എന്നും, എങ്ങോട്ട് പോകാനാണെന്നും തിരക്കി. ആദ്യ ഘട്ടത്തില്‍ വിദ്യാര്‍ഥിനി പറഞ്ഞത് താന്‍ തെങ്കാശി കാണാന്‍ വന്നത് ആണെന്നും മറ്റൊന്നും ഇല്ല എന്നുമായിരുന്നു.
എന്നാല്‍ സന്ധ്യ കഴിഞ്ഞ് തെങ്കാശിയില്‍ എന്താണ് കാണാന്‍ ഉള്ളത് എന്ന സംശയം കാരണം കുട്ടിയോട് കൂടുതല്‍ വിവരങ്ങള്‍ തിരക്കിയപ്പോള്‍ കുട്ടി കരഞ്ഞു. താന്‍ പേടി കാരണം നാടുവിട്ടതാണെന്നു വിദ്യാര്‍ഥിനി ജീവനക്കാരോടു പറഞ്ഞു. എക്‌സാം വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും തോല്‍ക്കുമെന്ന പേടി കാരണമാണ് തിരുവനന്തപുരത്തു നിന്നു തെങ്കാശി ബസ് കണ്ടപ്പോള്‍ കയറിയതെന്നും വിദ്യാര്‍ഥിനി വ്യക്തമാക്കി.
ജീവനക്കാര്‍ കുട്ടിയോട് പേരും സ്ഥലവും ഒക്കെ അന്വേഷിച്ചു. തന്റെ വീട് വിതുരയിലാണെന്നും പേരും വിദ്യാര്‍ഥിനി പറഞ്ഞുകൊടുത്തു. വിതുര ഡിപ്പോയിലെ ഡ്രൈവറായ അനില്‍ കുമാര്‍ വിശദമായി തിരക്കിയപ്പോള്‍ വീട് വിതുര മീനാങ്കല്‍ ആണെന്ന് അറിഞ്ഞു. ശേഷം ജീവനക്കാര്‍ വിദ്യാര്‍ഥിനിയുടെ വിട്ടുകാരുടെ നമ്പര്‍ ആവശ്യപ്പെട്ടു. ആദ്യ ഘട്ടത്തില്‍ കൊടുത്തില്ലങ്കിലും പിന്നീട് പൊലീസില്‍ അറിയിക്കും എന്ന് പറഞ്ഞപ്പോള്‍ വിട്ടുകാരുടെ നമ്പര്‍ യുവതി കൊടുക്കുകയും ചെയ്തു.
വിദ്യാര്‍ഥിനിയുടെ അച്ഛനെ ഫോണില്‍ ബന്ധപ്പെട്ട ജീവനക്കാര്‍ കുട്ടിയുടെ കാര്യങ്ങള്‍ എല്ലാം അവരോട് പറഞ്ഞു. തിരികെയുള്ള ട്രിപ്പില്‍ അവള്‍ കാണുമെന്നും കുട്ടിയെ കുട്ടികൊണ്ടു പോകണമെന്നും ആവശ്യപ്പെട്ടു.
തിരികെ ഉള്ള തെങ്കാശി – തിരുവനന്തപുരം ട്രിപ്പില്‍ ജീവനക്കാര്‍ അവളെയും കൂട്ടി. വഴിയോരത്തു നിര്‍ത്തി ആഹാരം കഴിക്കാന്‍ വിളിച്ചപ്പോള്‍ വേണ്ട എന്ന് പറഞ്ഞ വിദ്യാര്‍ഥിനിക്ക് ഡ്രൈവര്‍ അനില്‍കുമാര്‍ തന്റെ കൈവശം ഉണ്ടായിരുന്ന ആപ്പിളും, ഇന്തപ്പഴവും കൊടുത്തു. ഏകദേശം രാത്രി 9.30 ഓടുകൂടി ബസ് നന്ദിയോട് എത്തി. വിദ്യാര്‍ഥിനിയെ കൂടെ കൂട്ടാന്‍ അവളുടെ അച്ഛനും, അമ്മയും ഒരു ഓട്ടോയും അവിടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.
ബസില്‍ നിന്നു ഇറങ്ങിയ കുട്ടിയെ സുരക്ഷിതമായി അവളുടെ അച്ഛന്റെ കൈയില്‍ ആക്കിയാണ് നന്ദിയോടു നിന്നു ബസ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്. വിദ്യാര്‍ഥിനിയെ വഴക്കു പറയരുതെന്ന ഉപദേശവും ജീവനക്കാര്‍ മാതാപിതാക്കള്‍ക്കു നല്‍കി.