രണ്ടാഴ്ചയോളം ചുമ; ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തില്‍നിന്ന് പുറത്തെടുത്തത് എല്‍ഇഡി ബള്‍ബ്

ഗാന്ധിനഗര്‍: ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞ് അബദ്ധത്തില്‍ വിഴുങ്ങിയ എല്‍ഇഡി ബള്‍ബ് ഓപ്പറേഷനിലൂടെ പുറത്തെടുത്തു. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. രണ്ടാഴ്ചത്തോളം ചുമ മാറാത്തത് കൊണ്ടാണ് മുഹമ്മദ് എന്ന് പേരുള്ള കുട്ടിയെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജുനഗഡിലെ ഒരു ശിശുരോഗ വിദഗ്ദ്ധനെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ ആദ്യം സമീപിച്ചത്. അദ്ദേഹം തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ശ്വാസനാളത്തില്‍ എല്‍ഇഡി ബള്‍ബ് കണ്ടെത്തിയത്. പിന്നീട് ബ്രോങ്കോസ്‌കോപ്പി നടത്തി കുഞ്ഞിന്റെ ശ്വാസനാളത്തില്‍ നിന്ന് ബള്‍ബ് നീക്കം ചെയ്തു.

കുട്ടി ആരോഗ്യവാനായിരിക്കുന്നു എന്നും ഉടന്‍ ആശുപത്രി വിടുമെന്നും അധികൃതര്‍ അറിയിച്ചു. കുട്ടി കളിപ്പാട്ടം ഉപയോഗിച്ച് കളിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. എല്‍ഇഡി ബള്‍ബ് വേര്‍പെട്ട് അബദ്ധത്തില്‍ ഇത് വിഴുങ്ങുകയായിരുന്നു. ഇത് ചുമയ്ക്കും അസ്വസ്ഥതകള്‍ക്കും കാരണമാവുകയായിരുന്നു.
കുട്ടികളില്‍ അസാധാരണമായ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍, പ്രത്യേകിച്ച് എന്തെങ്കിലും വിഴുങ്ങിയത് സംശയം തോന്നിയാല്‍ ഉടനടി വൈദ്യസഹായം തേടണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.