
തിരുവനന്തപുരം: മകള്‍ ദിയയുടെ സ്ഥാപനത്തില്‍ നടന്ന തിരിമറിയില്‍ ജീവനക്കാരെ ഫ്‌ലാറ്റിലേക്ക് വിളിച്ച് ചോദ്യം ചെയ്തത് വിവരങ്ങള്‍ അറിയാനെന്ന് നടനും ബിജെപി നേതാവുമായ ജി.കൃഷ്ണകുമാര്‍. മൂന്നു വനിതാ ജീവനക്കാരുടെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചാല്‍ മാത്രം മതി സത്യം പുറത്തുവരുമെന്നും പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും കൃഷ്ണകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
”പൊലീസുകാര്‍ മൂന്നു വനിതാ ജീവനക്കാരുടെ സ്റ്റേറ്റ്‌മെന്റ് മാത്രം പരിശോധിച്ചാല്‍ സത്യം മനസ്സിലാവും. ഞങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ അതിന്റെ തെളിവുകളൊന്നും കാണിക്കുന്നില്ല. അത് വ്യക്തമായിരുന്നെങ്കില്‍ നന്നായിരുന്നേനെ. പൊലീസ് ഞങ്ങള്‍ക്ക് അനുകൂലമായി അന്വേഷണം നടത്തണമെന്ന് പറയുന്നില്ല. എന്നാല്‍ അന്വേഷണം നിഷ്പക്ഷമായിരിക്കണം” കൃഷ്ണകുമാര്‍ പറഞ്ഞു.

കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു പുറത്തുവിട്ട വീഡിയോയില്‍ പൊലീസ് ചോദ്യം ചെയ്യുന്ന രീതിയില്‍ അഹാന ചോദ്യങ്ങള്‍ ചോദിച്ചതിന് വിമര്‍ശനമുണ്ടായിരുന്നു. അതിനും കൃഷ്ണകുമാര്‍ മറുപടി നല്‍കി. ”ലക്ഷക്കണക്കിന് രൂപ ബാങ്കില്‍നിന്നു ലോണ്‍ എടുത്ത് കുറച്ച് പേര്‍ക്ക് ജോലിയും കൊടുത്ത് ഒരു പെണ്‍കുട്ടി ബിസിനസ് തുടങ്ങി. അതില്‍ തട്ടിപ്പ് നടത്തിയാലുണ്ടാവുന്ന വേദന ബിസിനസ് ചെയ്യുന്നവര്‍ക്കു മാത്രമേ മനസ്സിലാകൂ.
നമ്മളില്‍ പലരും പല തരത്തില്‍ ജനിച്ചവരാണ്. നമ്മളില്‍ പലരും പല രീതിയില്‍ ചോദ്യം ചോദിക്കും. നിങ്ങളുടെ കയ്യില്‍ നിന്ന് പണം പോയാലും അങ്ങനെയായായിരിക്കും അവരോട് ചോദിക്കുക. ആദ്യം അവരോട് ചോദിച്ച് കാര്യങ്ങള്‍ മനസ്സിലാക്കണമല്ലോ. അല്ലാതെ നേരിട്ട് പൊലീസില്‍ അറിയിക്കുകയല്ലല്ലോ. ഇവരാണോ എടുത്തത്, എത്രയാണ് എടുത്തത് എന്നൊക്കെ അന്വേഷിച്ച് മനസ്സിലാക്കണമല്ലോ.
ആദ്യം കുറച്ച് പൈസ എടുത്തു എന്ന് ജീവനക്കാര്‍ സമ്മതിച്ചതാണ്. പിന്നെ തെളിവുകള്‍ നോക്കുമ്പോഴാണ് കൂടുതല്‍ ട്രാന്‍സാക്ഷന്‍സ് നടത്തിയിട്ടുണ്ടെന്ന് മനസ്സിലായത്. അവരെ ഞങ്ങള്‍ തടഞ്ഞുവച്ചു എന്നു പറയുന്നതിന് ഒരു തെളിവുമില്ല. പിന്നെ ആ പെണ്‍കുട്ടികളുടെ ഫോണ്‍ ഞങ്ങള്‍ പിടിച്ചു വാങ്ങിയിട്ടില്ല. അവര്‍ തന്നെയാണ് അത് കാണിച്ചു തന്നത്. ഗൂഗിള്‍ പേയില്‍ അവരുടെ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി കണ്ടതാണ്.
സിന്ധു പുറത്തുവിട്ട വീഡിയോയിലും അവര്‍ പുറത്തുവിട്ട വീഡിയോയിലുമെല്ലാം ഫോണ്‍ കാണുന്നുണ്ട്. സ്ഥാപനത്തില്‍ ക്യുആര്‍ കോഡ് സ്‌കാനര്‍ ഇരിക്കുമ്പോള്‍ എന്തിനാണ് അവരുടെ ക്യുആര്‍ കോഡ് വഴി പണം വാങ്ങുന്നത്. പിന്നെ അവര്‍ പറയുന്നത് നികുതി വെട്ടിക്കാന്‍ വേണ്ടിയാണ് അവരുടെ ക്യുആര്‍ കോഡ് വഴി പണം വാങ്ങുന്നു എന്നാണ്. കൃത്യമായി നികുതി അടയ്ക്കുന്നവരാണ് ഞങ്ങള്‍.” കൃഷ്ണകുമാര്‍ പറഞ്ഞു.
അതേസമയം, വിഷയത്തില്‍ സത്യം കണ്ടെത്താന്‍ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. മൂന്നു വനിത ജീവനക്കാരുടെയും ദിയ കൃഷ്ണയുടെയും അക്കൗണ്ട് വിവരങ്ങള്‍ തേടി പൊലീസ് ബാങ്കിന് കത്ത് നല്‍കി. അതിനുശേഷമായിരിക്കും ചോദ്യം ചെയ്യല്‍.