Breaking NewsKeralaNEWS
ധര്‍മപുരിയില്‍ കാര്‍ അപകടം: ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്‍ മരിച്ചു; നടനും അമ്മയ്ക്കും പരുക്ക്

ബംഗളൂരു: നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ഷൈനിന്റെ പിതാവ് സി.പി. ചാക്കോ അപകടത്തില്‍ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും മേക്കപ്പ്മാനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. മുന്‍പില്‍പോയ ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
രാവിലെ ഏഴു മണിയോടെ സേലം-ബെംഗളൂരു ദേശീയപാതയില്‍ ധര്‍മപുരിയ്ക്കടുത്ത് പാല്‍കോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം. ഷൈനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായി അപകടം കണ്ട മലയാളിയായ ബിനോയ് പറഞ്ഞു. കൊച്ചിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ബിനോയ്. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിന്റെ പിതാവ് മരിച്ചു. പരുക്കേറ്റവര്‍ പാല്‍ക്കോട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.