CrimeNEWS

അടുത്തിടപഴകിയ ശേഷം രസത്തിന് എന്നുപറഞ്ഞ് നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തും; അമേരിക്കന്‍ മലയാളിയെ ഹണിട്രാപ്പില്‍ കുടുക്കിയ ധന്യ അര്‍ജ്ജുന്‍ സ്ഥിരം തട്ടിപ്പുകാരി; ഉന്നതരുമായും അടുത്ത ബന്ധം

കോട്ടയം: അമേരിക്കന്‍ മലയാളിയായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും കവര്‍ന്ന കേസിലെ പ്രതി ധന്യ പോലിസില്‍ കീഴടങ്ങിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ ധന്യ അര്‍ജുന്‍ (37) ആണ് കീഴടങ്ങിയത്. അയല്‍വാസിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ച ധന്യ യുവാവിന്റെ നഗ്‌നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി ഹണിട്രാപ്പിലൂടെ പണവും സ്വര്‍ണവും തട്ടുക ആയിരുന്നു.

ഉന്നതരുമായുള്ള അടുത്ത ബന്ധമാണ് പല തട്ടിപ്പുകളിലും അകത്താകാതെ ധന്യയെ രക്ഷിച്ചത്. ധന്യ സ്ഥിരം തട്ടിപ്പുകാരിയാണെന്നാണ് പോലീസ് പറയുന്നത്. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രധാന പ്രതിയാണ് ധന്യ. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി. ഗര്‍ഭിണിയായതിനാല്‍ ഇവര്‍ക്ക് കോടതി ജാമ്യംനല്‍കി.

Signature-ad

ഹണി ട്രാപ്പ് കേസില്‍ അമേരിക്കന്‍ മലയാളിയായ യുവാവ് പരാതി നല്‍കിയതിനു പിന്നാലെ ഗാന്ധിനഗര്‍ പൊലീസ് ധന്യക്കെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും മദ്യവും പണവും കൈക്കൂലിയായി ആവശ്യപ്പെടുകയും ചെയ്തെന്നാണ് ധന്യ വിജിലന്‍സിനു പരാതി നല്‍കിയത്. കള്ളപ്പരാതിയാണെന്ന് തെളിഞ്ഞതോടെ ധന്യക്കെതിരെ കേസെടുത്തു.

അമേരിക്കയില്‍ സോഫ്‌റ്റ്വേര്‍ എന്‍ജിനീയറായ യുവാവ് ഇയാളുടെ ഭാര്യയുടെ പഠനസൗകര്യത്തിനായി അമ്മഞ്ചേരിയില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. ഈ സമയത്താണ് ധന്യ യുവാവിനോട് അടുപ്പം സ്ഥാപിച്ച് തട്ടിപ്പ് നടത്തിയത്. അടുത്ത് ഇടപഴകിയശേഷം യുവാവിന്റെ സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രങ്ങള്‍ പരാതിക്കാരന്റെ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പലതവണകളായി 60 ലക്ഷം രൂപ യുവതിയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് തട്ടിയെടുത്തു. വിവരമറിഞ്ഞ പ്രതികളുടെ സുഹൃത്തായ മണര്‍കാട് സ്വദേശി അലന്‍ തോമസും യുവാവിനെ ഭീഷണിപ്പെടുത്തി ഇയാളുടെ അക്കൗണ്ടിലേക്കും പണം അയപ്പിച്ചു.

പണം തട്ടിയെടുത്ത പ്രതികള്‍ വീണ്ടും ഭീഷണിപ്പെടുത്തി യുവാവിന്റെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന കുടുംബാംഗങ്ങളുടെ 61 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു. 61 പവന്‍ സ്വര്‍ണവും നഷ്ടമായതോടെ യുവാവ് പോലീസില്‍ പരാതി നല്‍കുക ആയിരുന്നു. ധന്യ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചതോടെ അറസ്റ്റ് വൈകി. ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി, അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകാന്‍ ഉത്തരവിട്ടതോടെയാണ് ഇവര്‍ പോലീസിനുമുന്നില്‍ കീഴടങ്ങിയത്. കേസിലെ മറ്റു പ്രതികളായ അലന്‍ തോമസ്, അര്‍ജുന്‍ ഗോപി എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: