
തിരുവനന്തപുരം: നേമം കണ്ണങ്കോട്ട് ലഹരി ഉപയോഗിച്ചശേഷം യുവാക്കള്‍ തമ്മിലടിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ നേമം പോലീസിനു നേരേയും സംഘം അക്രമം നടത്തി. ചൊവ്വാഴ്ച രാത്രി പത്തുമണിയോടുകൂടിയാണ് സംഭവം. പ്രതികളെ പിടികൂടാനെത്തിയ പോലീസിനുനേരേ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ നേമം സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ക്കു പരിക്കുണ്ട്. അക്രമം നടത്തിയ കിരണ്‍ (31), മിഥുന്‍(25), വിഷ്ണു(35) എന്നിവരെ പോലീസ് പിടികൂടി. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു.
ഫോര്‍ട്ട് എസിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തിയാണ് സംഘത്തെ പിടികൂടിയത്. ലഹരി ഉപയോഗിച്ചവര്‍ പരസ്പരം നടത്തിയ അക്രമത്തില്‍ കിരണിനു പരിക്കുണ്ട്. പത്തുപേരടങ്ങുന്ന സംഘം ലഹരി ഉപയോഗിച്ചശേഷം രണ്ടു മണിക്കൂറോളമാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. കിരണും മിഥുനും നേമം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.

ഈ പ്രദേശത്ത് ലഹരിസംഘങ്ങള്‍ പെരുകുന്നത് നാട്ടുകാര്‍ക്കു ഭീഷണിയായി മാറിയിരിക്കുകയാണ്. പ്രതികളുടെ ആക്രമണത്തില്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ബിനീഷ്, വിനീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.