
ബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിന് കാരണമായത് ഇടുങ്ങിയ പ്രവേശനകവാടവും അഭൂതപൂര്‍വമായ ജനത്തിരക്കുമെന്ന് നിഗമനം. ഐപിഎല്‍ ജേതാക്കളായ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ടീമിന്റെ വിജയാഘോഷത്തില്‍ പങ്കെടുക്കാനായി ജനക്കൂട്ടം ഇരച്ചെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയെന്നും ഇതാണ് വന്‍ദുരന്തത്തില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
കഴിഞ്ഞദിവസം ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേരാണ് മരിച്ചത്. 47 പേര്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. ഇവരെല്ലാം ചികിത്സയിലാണ്. 18 വര്‍ഷത്തെ കാത്തിരിപ്പിനുശേഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്‍ കിരീടം സ്വന്തമാക്കിയതിന്റെ ആഘോഷപരിപാടിയാണ് വന്‍ദുരന്തത്തില്‍ കലാശിച്ചത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടത്തിയ വിജയാഘോഷപരിപാടിയിലേക്ക് ആദ്യം പാസ് മുഖേനയാണ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍, കുറച്ചുപേര്‍ക്ക് മാത്രമാണ് പ്രവേശനപാസ് ലഭിച്ചത്. പിന്നീട് പ്രവേശനം സൗജന്യമാണെന്നും എല്ലാവര്‍ക്കും സ്റ്റേഡിയത്തിനകത്തേക്ക് കയറാമെന്നും പ്രഖ്യാപനം വന്നു. ഇതോടെ ആയിരക്കണക്കിന് പേരാണ് സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്.

സ്റ്റേഡിയത്തിന്റെ ഗേറ്റുകള്‍ തുറന്നതോടെ ഗേറ്റിലേക്കുള്ള ഇടുങ്ങിയവഴികളില്‍ ആളുകള്‍ തിങ്ങിനിറഞ്ഞു. തിരക്ക് വര്‍ധിച്ചതോടെ പലരും തിക്കിലും തിരക്കിലും ഞെരുങ്ങിപ്പോയി. ഇതിനിടെ, തിരക്ക് കാരണം ബാരിക്കേഡുകള്‍ തകര്‍ന്നു. പിന്നാലെ പലരും നിലത്തുവീണു. എന്നാല്‍, ഇതിനിടെയും നിലത്തുവീണവരുടെ മുകളില്‍കൂടി മറ്റുള്ളവര്‍ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടുണ്ട്. 15 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. സംഭവത്തില്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ക്ഷമാപണം നടത്തി. തിരക്ക് കുറയ്ക്കാനായി പരിപാടിയുടെ ദൈര്‍ഘ്യം കുറച്ചിരുന്നതായും എല്ലാശ്രമങ്ങളും നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. അയ്യായിരത്തോളം ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. പക്ഷേ, ലക്ഷക്കണക്കിന് പേരാണ് വന്നത്. എന്നാല്‍, സ്റ്റേഡിയത്തിലെ പരിപാടി പത്തുമിനിറ്റിനുള്ളില്‍ അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.