KeralaNEWS

പ്ലസ് വണ്‍ പ്രവേശനം: ജാതി തെളിയിക്കാന്‍ ടിസി മതി, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന് പകരം മറ്റു രേഖകള്‍ പരിഗണിക്കും

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന് പകരം മറ്റ് രേഖകള്‍ പരിഗണിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ജാതി, താമസസ്ഥലം എന്നിവ തെളിയിക്കാന്‍ മറ്റു രേഖകള്‍ പരിഗണിക്കും. സ്ഥിര താമസരേഖയായി റേഷന്‍ കാര്‍ഡ് പരിഗണിക്കും. ഡിജി ലോക്കറില്‍ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകാത്തത് പ്ലസ് വണ്‍ പ്രവേശനത്തെ ബാധിക്കാതിരിക്കുക ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നിര്‍ദേശം.

പ്ലസ് വണ്ണിന് സംവരണ സീറ്റില്‍ പ്രവേശനം കിട്ടിയവര്‍ ജാതി തെളിയിക്കാന്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കും. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്ത സാഹചര്യം പരിഗണിച്ചാണ് നിര്‍ദേശം. ഇത്തവണ ഡിജിലോക്കറില്‍ മാര്‍ക്ക് വിവരങ്ങള്‍ മാത്രമാണ് ലഭ്യമാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥിയുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ ഡിജിറ്റല്‍ കോപ്പി ലഭ്യമാക്കിയിരുന്നു.

Signature-ad

സേ പരീക്ഷക്കുശേഷം ഡിജിലോക്കറില്‍ മതിയായ രേഖകള്‍ അപ്ലോഡ് ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാനത്ത് എവിടെയും നിലവില്‍ സീറ്റ് ക്ഷാമമില്ല. നിലവില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അധികമാണ്. മലപ്പുറത്ത് കഴിഞ്ഞ വര്‍ഷവും സീറ്റ് അധികമായിരുന്നു. കുറ്റമറ്റ രീതിയില്‍ പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ബസുകളില്‍ കുട്ടികള്‍ നേരിടുന്ന ബുദ്ധിമുട്ട് ഒരിക്കലും അംഗീകരിക്കില്ലെന്നും കണ്‍സെഷന്‍ ഇല്ലെന്നു കരുതി കുട്ടിയെ ഇറക്കി വിടാന്‍ പാടില്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ബസ് കൃത്യമായി സ്റ്റോപ്പില്‍ നിര്‍ത്തണം. സ്‌കൂള്‍ ബസില്‍ രണ്ട് ദിവസം കുട്ടി വന്നില്ല എന്ന് കരുതി ഇറക്കി വിടാന്‍ പാടില്ല. ഒരു അച്ചടക്കത്തിന്റെ പേരിലും മുടിമുറിക്കുന്നത് പോലുള്ള കാടത്ത നിലപാട് പറ്റില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പോക്‌സോ കേസ് പ്രതിയെ ഫോര്‍ട്ട് ഹൈസ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ചത് തെറ്റാണെന്നും വിഷയത്തില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: