സ്വര്‍ണപ്പണയം ഇനി എളുപ്പമല്ല; കടുത്ത നിബന്ധനകളുമായി റിസര്‍വ് ബാങ്ക്; സ്വര്‍ണത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കണം; തിരിച്ചടവ് ശേഷിയും പരിശോധിക്കണം; പലിശയടച്ച് പുതുക്കാനും കഴിയില്ല; സ്വകാര്യ ബാങ്കുകളെ സഹായിക്കാന്‍ സാധാരണക്കാര്‍ക്ക് ഇരുട്ടടി

കൊച്ചി: സ്വര്‍ണപ്പണയ വായ്പകളില്‍ കടുത്ത നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍ബിഐ നീക്കം. പലിശയടക്കം വായ്പാത്തുക പൂര്‍ണമായി അടച്ചശേഷമേ വീണ്ടും പുതുക്കിനല്‍കാവൂ എന്ന ആര്‍ബിഐയുടെ പുതിയ മാര്‍ഗനിര്‍ദേശം കര്‍ഷകരടക്കമുള്ള സാധാരണക്കാര്‍ക്ക് തിരിച്ചടിയാകും.
പണയം വയ്ക്കുന്ന ആഭരണങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍, രസീത് ഹാജരാക്കണമെന്ന നിബന്ധനയുമുണ്ട്. തലമുറകളായി കൈമാറ്റംചെയ്തുകിട്ടിയ ആഭരണം പണയംവയ്ക്കുമ്പോള്‍ രസീത് ഹാജരാക്കുക പ്രായോഗികമല്ല. സ്വര്‍ണവായ്പ എടുക്കുന്നവരുടെ തിരിച്ചടവുശേഷി പരിശോധിക്കണമെന്നും ആര്‍ബിഐ നിബന്ധനയുണ്ട്. കാര്‍ഷികവായ്പയും നിശ്ചിതതുകയ്ക്ക് മുകളിലുള്ള അടിയന്തരവായ്പകളും അപേക്ഷയില്‍പറഞ്ഞ ആവശ്യത്തിനുതന്നെയാണോ ഉപയോഗിച്ചതെന്ന് നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. വായ്പ പൂര്‍ണമായി തിരിച്ചടച്ചശേഷം ഏഴ് പ്രവൃത്തി ദിവസത്തിനുള്ളില്‍മാത്രമേ ആഭരണങ്ങള്‍ തിരികെനല്‍കൂ.

സ്വര്‍ണപ്പണയ വായ്പ സാധാരണക്കാരന് പ്രാപ്തമാകുന്നനിലയില്‍ കൂടുതല്‍ ഉദാരമാക്കുന്നതിനുപകരം നിബന്ധനകള്‍ കര്‍ശനമാക്കുന്നത് സ്വകാര്യ ബാങ്കുകളെയും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെയും (എന്‍ബിഎഫ്സി) സഹായിക്കുന്നതാണെന്ന് ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എസ് എസ് അനില്‍ പറഞ്ഞു.
പലിശനിരക്കുകള്‍ കുറച്ചേക്കും
റിസര്‍വ് ബാങ്കിന്റെ പുതിയ അടിസ്ഥാന പലിശനിരക്കുകള്‍ നിശ്ചയിക്കാനുള്ള പണനയസമിതി (എംപിസി) യോഗം തുടങ്ങി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര അധ്യക്ഷനായ യോഗത്തിന്റെ തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിക്കും.
റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റിപ്പോ 0.25 (25 ബേസിസ് പോയിന്റ്) മുതല്‍ 0.5 ശതമാനം (50 ബേസിസ് പോയിന്റ്) വരെ കുറച്ചേക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ രണ്ട് എംപിസി യോഗത്തിലും റിപ്പോ നിരക്ക് 0.25 ശതമാനംവീതം കുറച്ചു. നിലവില്‍ നിരക്ക് ആറുശതമാനമാണ്.
റിപ്പോനിരക്ക് കുറയുമ്പോള്‍ ബാങ്കുകള്‍ വായ്പാ പലിശനിരക്ക് കുറയ്ക്കുന്നത് വായ്പയെടുത്തവര്‍ക്ക് ആശ്വാസമാകും. ഫ്‌ലോട്ടിങ് നിരക്കിലുള്ള വായ്പകളുടെ പലിശനിരക്കിലും കുറവുവരും. എന്നാല്‍, ബാങ്കുകള്‍ ഇതിനനുസതിച്ച് നിക്ഷേപങ്ങളുടെയും പലിശനിരക്ക് കുറയ്ക്കാറുണ്ട്. ഇത് നിക്ഷേപ പലിശയെ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക് തിരിച്ചടിയാകും.
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയമൂല്യം വീണ്ടും താഴ്ന്നു. ഇന്റര്‍ ബാങ്ക് ഫോറെക്‌സ് വിപണിയില്‍ 15 പൈസ നഷ്ടത്തില്‍ 85.74ല്‍ ആരംഭിച്ച വ്യാപാരം 31 പൈസ നഷ്ടത്തില്‍ 85.90രൂപയിലാണ് അവസാനിച്ചത്. ആറിന് പണനയ പ്രഖ്യാപനത്തില്‍ റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുമെന്ന വിലയിരുത്തലും ഇന്ത്യന്‍ ഓഹരിവിപണിയില്‍നിന്ന് വിദേശനിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുന്നതുമാണ് രൂപയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം.