
ഭോപാല്‍: മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഷില്ലോങ്ങിലെത്തിയ ദമ്പതിമാരെ മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്നാണ് വിവരം. ഇരുവരും സഞ്ചരിച്ചിരുന്ന വാടകയ്‌ക്കെടുത്ത സ്‌കൂട്ടര്‍ ഈ റൂട്ടിലെ ഒരു ഗ്രാമത്തില്‍നിന്ന് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.
ഇന്‍ഡോറില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി നടത്തുന്ന രഘുവംശിയും സോനവും മേയ് 11-നാണ് വിവാഹിതരായത്. മേയ് 20-നാണ് ഇരുവരും ഹണിമൂണ്‍ യാത്ര ആരംഭിച്ചത്. ഗുവാഹാട്ടിയിലെ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞാണ് ഇരുവരും മേഘാലയയിലെ ഷില്ലോങ്ങിലെത്തിയത്. തുടര്‍ന്നുള്ള യാത്രയ്ക്കിടെ ഇരുവരെയും കാണാതാവുകയായിരുന്നു.

മേയ് 23-നാണ് രഘുവംശി അവസാനമായി ഫോണില്‍ വിളിച്ചതെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ചെന്നും യാത്ര തുടരുകയാണെന്നുമാണ് മകന്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് രണ്ടുപേരുടെയും ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്‌തെങ്കിലും പ്രതികരണമുണ്ടായില്ല. മേയ് 24 മുതല്‍ രണ്ടുപേരുടെയും ഫോണുകള്‍ സ്വിച്ച് ഓഫായെന്നും അമ്മ പറഞ്ഞു. മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ തകരാര്‍ കാരണമാകും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാല്‍, രണ്ടുദിവസമായിട്ടും ഫോണ്‍ സ്വിച്ച് ഓഫാണെന്ന് കണ്ടതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
രാജാ രഘുവംശിയുടെ മൃതദേഹം സഹോദരന്‍ വിപിന്‍ രഘുവംശി തിരിച്ചറിഞ്ഞു. മരണ സമയവും മറ്റു വിശദാംശങ്ങളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ. എന്നാല്‍ സോനത്തെപ്പറ്റി ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.
മേഘാലയയില്‍ ഹണിമൂണിനിടെ ദമ്പതിമാരെ കാണാതായി; സ്‌കൂട്ടര്‍ ഉപേക്ഷിച്ചനിലയില്‍, വ്യാപക തിരച്ചില്‍
ദമ്പതിമാരെ കാണാതായ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ മറ്റൊരു ഗ്രാമത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പ് ഒരു വിദേശവിനോദസഞ്ചാരിയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു. ഹംഗറിയില്‍നിന്നുള്ള സഞ്ചാരിയെയാണ് കാണാതായത്. പിന്നീട് 12 ദിവസങ്ങള്‍ക്ക് ശേഷം ഹംഗേറിയന്‍ സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തി. അതേസമയം, വിദേശസഞ്ചാരിയുടെ മരണത്തില്‍ ദുരൂഹതകളില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.