
കൊച്ചി: മുനമ്പം പള്ളിപ്പുറത്ത് യുവാവ് പങ്കാളിയെ കുത്തിക്കൊലപ്പെടുത്തി. പനമ്പള്ളിനഗര്‍ സ്വദേശി പ്രീത (43) ആണ് കൊല്ലപ്പെട്ടത്. പള്ളിപ്പുറം സ്വദേശി തൈപ്പറമ്പില്‍ സുരേഷ് ആണ് ഒപ്പം താമസിച്ചിരുന്ന പ്രീതയെ കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ സുരേഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
തിങ്കളാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള നടുറോഡില്‍വെച്ചാണ് സുരേഷ് പ്രീതയെ കത്തി ഉപയോഗിച്ച് കുത്തിയത്. കുത്തേറ്റ പ്രീത തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ഇവര്‍ ഉടന്‍തന്നെ പ്രീതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നാലെ സുരേഷ് മുനമ്പം പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. പ്രീതയുടെ മൃതദേഹം കുഴിപ്പള്ളി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പെയിന്റിങ് തൊഴിലാളിയായിരുന്നു സുരേഷ്. കഴിഞ്ഞ കുറച്ചുനാളുകളായി സുരേഷും പ്രീതയും ഒരുമിച്ചായിരുന്നു താമസം.
ആദ്യ ഭാര്യ മരിച്ച ശേഷമാണ് സുരേഷ് പ്രീതയുമായി ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത്. പ്രീതയുടെമേലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. പ്രദേശവാസികളുമായി സുരേഷിനും പ്രീതയ്ക്കും വലിയ അടുപ്പം ഉണ്ടായിരുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു.