
ഷില്ലോങ്: മേഘാലയയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്പതിമാരെ കാണാതായി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇരുവരെയും കണ്ടെത്താനായി വനമേഖലകളിലടക്കം വ്യാപകമായ തിരച്ചില്‍ പുരോഗമിക്കുകയാണ്.
ഷില്ലോങ്ങിലെത്തിയ ദമ്പതിമാരെ മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്നാണ് വിവരം. ഇരുവരും സഞ്ചരിച്ചിരുന്ന വാടകയ്ക്കെടുത്ത സ്‌കൂട്ടര്‍ ഈ റൂട്ടിലെ ഒരു ഗ്രാമത്തില്‍നിന്ന് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. അതേസമയം, ദമ്പതിമാരെക്കുറിച്ച് ഇതുവരെ യാതൊരുവിവരവും ലഭിച്ചിട്ടില്ല.

ഇന്‍ഡോറില്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി നടത്തുന്ന രഘുവംശിയും സോനവും മേയ് 11-നാണ് വിവാഹിതരായത്. മേയ് 20-നാണ് ഇരുവരും ഹണിമൂണ്‍ യാത്ര ആരംഭിച്ചത്. ഗുവാഹാട്ടിയിലെ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞാണ് ഇരുവരും മേഘാലയയിലെ ഷില്ലോങ്ങിലെത്തിയത്. തുടര്‍ന്നുള്ള യാത്രയ്ക്കിടെ ഇരുവരെയും കാണാതാവുകയായിരുന്നു.
മേയ് 23-നാണ് രഘുവംശി അവസാനമായി ഫോണില്‍ വിളിച്ചതെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിച്ചെന്നും യാത്ര തുടരുകയാണെന്നുമാണ് മകന്‍ പറഞ്ഞത്. എന്നാല്‍, പിന്നീട് രണ്ടുപേരുടെയും ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്തെങ്കിലും പ്രതികരണമുണ്ടായില്ല. മേയ് 24 മുതല്‍ രണ്ടുപേരുടെയും ഫോണുകള്‍ സ്വിച്ച് ഓഫായെന്നും അമ്മ പറഞ്ഞു. മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ തകരാര്‍ കാരണമാകും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാല്‍, രണ്ടുദിവസമായിട്ടും ഫോണ്‍ സ്വിച്ച് ഓഫാണെന്ന് കണ്ടതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ പരാതി ലഭിച്ചതിന് പിന്നാലെ മേഘാലയ പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു. വിനോദസഞ്ചാരികള്‍ എത്താറുള്ള വനപാതകളിലും മറ്റുമാണ് തിരച്ചില്‍ നടത്തിയത്. എന്നാല്‍, ഇടതൂര്‍ന്ന വനങ്ങളും ആഴമേറിയ മലയിടുക്കുകളും നിറഞ്ഞ പ്രദേശത്ത് തിരച്ചില്‍ ദുഷ്‌കരമാണെന്നാണ് പോലീസുകാര്‍ തന്നെ പറയുന്നത്. അതിനിടെ, ദമ്പതിമാരുടെ അവസാന ലൊക്കേഷന്‍ ഷില്ലോങ്ങിലെ ഒസ്ര ഹില്‍സിലാണെന്ന് കണ്ടെത്തി. സ്‌കൂട്ടര്‍ വാടകയ്ക്ക് നല്‍കിയ സ്ഥാപനത്തിന്റെ സഹായത്തോടെയാണ് അവസാന ലൊക്കേഷന്‍ കണ്ടെത്തിയത്. ഇവിടെ ഒരു കിടങ്ങിന് സമീപത്തുനിന്ന് ദമ്പതിമാര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കണ്ടെത്തി. പക്ഷേ, ദമ്പതിമാരെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല.
അതിനിടെ, സ്‌കൂട്ടര്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുള്ള ഒരു റിസോര്‍ട്ട് കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലൂടെ കുപ്രസിദ്ധി നേടിയ റിസോര്‍ട്ടാണിത്. എന്നാല്‍, യാത്രയ്ക്കിടെ ദമ്പതിമാര്‍ റിസോര്‍ട്ട് സന്ദര്‍ശിക്കുകയോ ഇവിടെ താമസിക്കുകയോ ചെയ്തോ എന്നത് ഇതുവരെ സ്ഥിരീകരിക്കാനായില്ലെന്നും പോലീസ് പറഞ്ഞു. നിലവില്‍ ദമ്പതിമാര്‍ക്കായി വിവിധയിടങ്ങളില്‍ പോലീസിന്റെ തിരച്ചില്‍ നടന്നുവരികയാണ്. മേഘാലയ പോലീസുമായി ചേര്‍ന്ന് തിരച്ചില്‍ ഏകോപിപ്പിക്കാനായി മധ്യപ്രദേശിലെ ക്രൈംബ്രാഞ്ച് ഡിസിപി രാജേഷ് കുമാര്‍ ത്രിപാഠിയെയും ഇന്‍ഡോര്‍ കമ്മീഷണര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധ്യപ്രദേശ് മന്ത്രി തുളസിറാം സിലാവത്തും വിഷയത്തില്‍ ഇടപെട്ട് സഹായം ഉറപ്പുനല്‍കി.
ദമ്പതിമാരെ കാണാതായ ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ മറ്റൊരു ഗ്രാമത്തില്‍ ആഴ്ചകള്‍ക്ക് മുന്‍പ് ഒരു വിദേശവിനോദസഞ്ചാരിയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായിരുന്നു. ഹംഗറിയില്‍നിന്നുള്ള സഞ്ചാരിയെയാണ് കാണാതായത്. പിന്നീട് 12 ദിവസങ്ങള്‍ക്ക് ശേഷം ഹംഗേറിയന്‍ സ്വദേശിയെ മരിച്ചനിലയില്‍ കണ്ടെത്തി. അതേസമയം, വിദേശസഞ്ചാരിയുടെ മരണത്തില്‍ ദുരൂഹതകളില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.