Breaking NewsKeralaLead NewsNEWS

കേന്ദ്രത്തിൽ മോദി പ്രതിഷേധങ്ങളെ എങ്ങനെയാണോ കാണുന്നത് അതുപോലെ കേരളത്തിൽ ഇടതുപക്ഷവും!! അവർ തീവ്ര വലതുപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്, നടന്നത് ഭരണകൂട വേട്ട- അതുൽ എംസി…ജയിൽ മോചിതരായ കെഎസ്‌യു പ്രവർത്തകർക്ക് വൻ സ്വീകരണം

കണ്ണൂർ: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ ആക്രമിച്ചെന്ന കേസിൽ ജാമ്യം ലഭിച്ച കെഎസ്‌യു പ്രവർത്തകർക്ക് വൻ സ്വീകരണം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരം നാലുമണിയോടെയാണ് പ്രവർത്തകർ ജയിൽമോചിതരായി പുറത്തിറങ്ങിയത്. ഇവർക്കെതിരെ വധശ്രമം അടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയ കേസിൽ നിർണായക തെളിവുകൾ ഒന്നും കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരും മൊഴി നൽകിയിരുന്നു. ഇതോടെയാണ് കോടതി കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്.

കേസിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുൽ എം സി, അക്ഷയ് മാട്ടൂൽ, ബിതുൽ ബാലൻ, മുബാസ് സി അച്ച്, അഹമ്മദ് യാസീൻ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകണം, ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നീ വ്യവസ്ഥകളോടെ 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് അഞ്ചുപേരെയും വിട്ടയച്ചത്.

Signature-ad

അതേസമയം കരിങ്കൊടി ഉപയോഗിച്ചുളള പ്രതിഷേധത്തെ, മന്ത്രിയെ മാരക ആയുധങ്ങളുപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാക്കി തങ്ങളെ ജയിലിലടയ്ക്കുകയായിരുന്നുവെന്നും ഭരണകൂട വേട്ടയാണ് നടന്നതെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുൽ എംസി പറഞ്ഞു. കേന്ദ്രത്തിൽ മോദി പ്രതിഷേധങ്ങളെ എങ്ങനെയാണോ കാണുന്നത് അതുപോലെയാണ് കേരളത്തിൽ ഇടതുപക്ഷമെന്നും അവർ തീവ്രവലതുപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അതുൽ വിമർശിച്ചു. എ എൻ ഷംസീറിന്റെ തിരക്കഥയിൽ ഗൺമാന്റെ സംവിധാനത്തിൽ മന്ത്രി നിറഞ്ഞാടി അഭിനയിച്ച പൊട്ടിപ്പാളീസായ സിനിമയായിരുന്നു അന്ന് കണ്ണൂരിൽ നടന്നതെന്നും അതുൽ പരിഹസിച്ചു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോടായിരുന്നു പ്രതികരണം.

‘കണ്ണൂർ ജില്ലയ്ക്കകത്തേക്ക് മന്ത്രി കടന്നുവന്നതു മുതൽ ജില്ലയിൽ കെഎസ്‌യു പ്രതിഷേധമുണ്ടായിരുന്നു. മന്ത്രി തിരിച്ചുപോകാൻ റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി പോയതാണ്. അതിന്റെ ദൃശ്യങ്ങൾ എല്ലാവരും കണ്ടതാണ്. കരിങ്കൊടി ഉപയോഗിച്ചുളള പ്രതിഷേധമായിരുന്നു. ആ പ്രതിഷേധത്തെ മാരക ആയുധങ്ങൾ ഉപയോഗിച്ച് മന്ത്രിയെ കൊല്ലാൻ ശ്രമിച്ചുവെന്നതടക്കമുളള വകുപ്പുകൾ ചുമത്തി ഞങ്ങളെ ജയിലിലടച്ചു.

മുൻപ് ഷുക്കൂറിനെ കൊലപ്പെടുത്താൻ ശ്രമമുണ്ടായപ്പോൾ പി ജയരാജനെ തടഞ്ഞുവെച്ചുവെന്ന വ്യാജ പ്രചാരണം നടത്തി കേരളത്തിൽ അക്രമങ്ങൾക്ക് നേതൃത്വം കൊടുത്ത പാർട്ടി ഇപ്പോൾ ആരോഗ്യമന്ത്രിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന വ്യാജ ആരോപണവുമായി കോൺഗ്രസിനെ താറടിക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. എസ്‌ഐ അടക്കമുളളവർ ഞങ്ങളുടെ കൈവശം ആയുധമില്ലെന്ന് മൊഴി കൊടുത്തുകഴിഞ്ഞതാണ്. ഇതൊരു ഭരണകൂട വേട്ടയാണ്. കേന്ദ്രത്തിൽ മോദി പ്രതിഷേധങ്ങളെ എങ്ങനെയാണോ കാണുന്നത് അതുപോലെ കേരളത്തിൽ ഇടതുപക്ഷം തീവ്രവലതുപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ്. എഎൻ ഷംസീറിന്റെ തിരക്കഥയിൽ ഗൺമാന്റെ സംവിധാനത്തിൽ മന്ത്രി നിറഞ്ഞാടി അഭിനയിച്ച പൊട്ടിപ്പാളീസായ സിനിമയായിരുന്നു അത്’- അതുൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: