
പി.വി അൻവറിൻ്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. പിതൃതുല്യനെന്നു വാഴ്ത്തി നടന്ന പിണറായി വിജയനെ പുലഭ്യം പറഞ്ഞ് എൽ.ഡിഎഫ് ബന്ധം ഉപേക്ഷിച്ച് പുറത്തു വന്ന അൻവർ, അനാഥനായി വിലപിച്ച് കണ്ണീർ വാർത്ത് ഒറ്റപ്പെട്ടു നിൽക്കുന്ന കാഴ്ച ശത്രുക്കളുടെ പോലും മനസ്സലിയിക്കും. അൻവറിൻ്റെ വഴിയേ യുഡിഎഫിന് നടക്കാനാവില്ല, യുഡിഎഫിൻ്റെ വഴിയേ വന്നാലേ അൻവറിനെ ഒപ്പം കൂട്ടുന്ന കാര്യം ആലോചിക്കാനാവു എന്നു ഘടകകക്ഷികളും വ്യക്തമാക്കി.
അൻവർപ്രശ്നത്തിൽ കോൺഗ്രസ് എടുത്ത നിലപാട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ഘടകകക്ഷി നേതാക്കളുമായി സംസാരിച്ചിരുന്നു. കോൺഗ്രസിലെ മുതിർന്ന നേതാക്കളുമായും ഇക്കാര്യം ചർച്ചചെയ്തു.

ആര്യാടൻ ഷൗക്കത്തിനെതിരായ പ്രസ്താവനകൾ പി.വി അൻവർ തിരുത്തിയാൽ മാത്രമേ യുഡിഎഫ് അസോഷ്യേറ്റ് അംഗമാക്കുന്നതിൽ തീരുമാനമുണ്ടാകൂ എന്നാണ് നേതൃത്വത്തിന്റെ നിലപാട്. അൻവർ കടുത്ത നിലപാട് തുടർന്നാൽ അവഗണിച്ചു മുന്നോട്ടുപോകും. തിരുത്താതെ സഹകരിക്കാനാവില്ല എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും അൻവർ മര്യാദ കാണിക്കണമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പറയുന്നു. നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ തള്ളിപ്പറഞ്ഞതോടെ അൻവറിനോട് ആഭിമുഖ്യമുള്ള കെ. സുധാകരനും രമേശ് ചെന്നിത്തലയ്ക്കും പോലും അത് അംഗീകരിക്കാനായില്ല.
ആർഎംപിക്ക് നിലവിലുള്ള അസോസിയേറ്റ് അംഗത്വം തൃണമൂൽ കോൺഗ്രസിനും നൽകാനാണ് യുഡിഎഫിലെ ധാരണ. എന്നാൽ, ഷൗക്കത്തിനെതിരേ അൻവർ രംഗത്തുവന്നതോടെ സ്ഥിതി മാറിമറിഞ്ഞു.
അൻവറിനെ ഒപ്പംനിർത്തണമെന്ന താത്പര്യം പൊതുവേ യുഡിഎഫ് നേതാക്കൾക്കുണ്ട്. എന്നാൽ, അൻവറിന്റെ അതിവൈകാരിക പ്രതികരണങ്ങൾ അത് അസാധ്യമാക്കുകയും ചെയ്യുന്നു. അതിനിടെ ഇന്നലെയും അൻവർ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചു. തന്നെ കൊല്ലാനാണ് വി.ഡി.സതീശൻ്റെ ശ്രമം. തല്‍ക്കാലം സതീശന്‍ ആവശ്യപ്പെടും പോലെ നയം വ്യക്തമാക്കാനില്ല. ഈ തിരഞ്ഞെടുപ്പ് അന്‍വറിനെ ഒതുക്കാനോ പിണറായിയെ ഒതുക്കാനോ…? സതീശൻ, കെ.സി.വേണുഗോപാലിനെ ചര്‍ച്ചയില്‍നിന്ന് പിന്തിരിപ്പിച്ചത് രാജിഭീഷണി മുഴക്കിയാണ്. പ്രതിപക്ഷ നേതൃത്വ സ്ഥാനം രാജിവയ്ക്കുമെന്ന് സതീശന്‍ ഭീഷണിപ്പെടുത്തി എന്നും അവൻ പറയുന്നു.
അൻവറിൻ്റെ കലാപങ്ങൾക്കിടയിൽ രണ്ടിന് ആര്യാടൻ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ നടക്കും. പിറ്റേന്ന് യുഡിഎഫ് നേതൃയോഗം കോഴിക്കോട്ട് ചേരും.
മത്സരിക്കുമെന്ന് അന്‍വര്‍
ഇതിനിടെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പി.വി. അന്‍വര്‍. തൃണമൂലിനെ ഘടകകക്ഷിയായി അംഗീകരിച്ചാല്‍ മത്സരത്തില്‍നിന്ന് പിന്‍മാറി യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് അന്‍വര്‍ വ്യക്തമാക്കി.