
കൊച്ചി: ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ അടക്കം വിരമിച്ച ശേഷമുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഹൈക്കോടതി ഇത്തരവ്. രണ്ടാഴ്ചയ്ക്കുള്ളില്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്നാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. സിസ തോമസ് വിരമിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആനുകൂല്യങ്ങള്‍ നല്‍കാനുള്ള വിധി.
കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഡോ. സിസ തോമസ് വിരമിച്ച് 2 വര്‍ഷം കഴിഞ്ഞിട്ടും ഗ്രാറ്റുവിറ്റിയും വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കാത്തതിന്റെ കാരണം എന്താണെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. സിസ തോമസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വിരമിക്കുന്നതിനു മുന്നേയുള്ള ബാധ്യതകള്‍ സംബന്ധിച്ചും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഇത്തരം കാര്യങ്ങളൊക്കെ വിരമിക്കുന്നതിനു മുന്‍പ് തീര്‍ക്കേണ്ടതല്ലേ എന്ന് കോടതി ആരാഞ്ഞിരുന്നു. സിസ തോമസ് കഴിഞ്ഞ 2 വര്‍ഷമായി ഇതിന്റെ പുറകെ നടക്കുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

വിരമിക്കുന്നതിനു തലേന്നു പോലും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ സര്‍ക്കാര്‍ നടപടിക്കു കൂടിയുള്ള തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. ഇത്രയും കാലം സര്‍ക്കാരിനെ സേവിച്ചവരോട് ഇങ്ങനെയാണോ ചെയ്യുന്നതെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി ചോദിച്ചിരുന്നു. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അവര്‍ക്ക് ജീവിക്കാനുള്ള തുകയല്ലേ പെന്‍ഷനും മറ്റുമെന്നും ഇത്തരം പെരുമാറ്റങ്ങളൊക്കെ അവസാനിപ്പിക്കാന്‍ സമയമായില്ലേ എന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. 2023 മാര്‍ച്ച് 31നാണു സിസ തോമസ് വിരമിച്ചത്. ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച സാഹചര്യത്തില്‍ ഇത് അനുവദിച്ചു കിട്ടാന്‍ സിസ തോമസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.