
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസന്വേഷണം സിബിഐക്കു വിടാനുള്ള സാധ്യത തടയാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. റജിസ്റ്റര്‍ ചെയ്ത 20 കേസുകളിലും കുറ്റപത്രങ്ങള്‍ അതിവേഗം തയാറാകുന്നുവെന്നാണു സൂചന. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നു ഹൈക്കോടതിക്കു ബോധ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിനു വിടാനുള്ള സാധ്യത സജീവമായി തുടരുന്നതു സിപിഎമ്മിനെ ആശങ്കയിലാക്കുന്നു.
ഇ.ഡി അന്വേഷിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതും കള്ളപ്പണ ഇടപാടുകള്‍ മാത്രമാണ് എന്നതിനാല്‍ മറ്റു കുറ്റകൃത്യങ്ങളെല്ലാം സിബിഐ അന്വേഷിക്കണമെന്നാണു പരാതിക്കാരന്‍ എം.വി. സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി. ക്രൈംബ്രാഞ്ച് അന്വേഷണം ഏതാനും പേരിലൊതുങ്ങിയെന്ന പരാതിക്കാരന്റെ വാദം സ്വീകരിക്കപ്പെട്ടാല്‍ സിബിഐ അന്വേഷണം വന്നേക്കും. ബാങ്കില്‍ നിന്നു തട്ടിയെടുത്ത പണം ഏതൊക്കെ കൈകളിലെത്തിയെന്നും ഗൂഢാലോചനയില്‍ ആരൊക്കെ പങ്കാളിയായെന്നും ഉന്നത നേതാക്കളുടെ പങ്കു കണ്ടെത്തണമെന്നുമടക്കം സുരേഷിന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങാതെ അന്വേഷണം നടത്തണമെന്നും ജൂലൈയ്ക്കുള്ളില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ അന്വേഷണ സംഘത്തോടു നിര്‍ദേശിക്കുയും ചെയ്തു. 20 കേസുകളിലെയും അന്തിമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചശേഷം അന്വേഷണം തൃപ്തികരമല്ലെന്നു കണ്ടെത്തിയാല്‍ സിബിഐ വരാന്‍ സാധ്യതയുണ്ട്. കള്ളപ്പണമെന്ന വശം മാത്രം കേന്ദ്രീകരിച്ച് ഇ.ഡി നടത്തിയ അന്വേഷണത്തേക്കാള്‍ വിപുലമായിരിക്കും സിബിഐ അന്വേഷണം.