
ബെംഗളൂരു: സ്ത്രീയെ കൊലപ്പെടുത്തി വീട്ടില്‍നിന്ന് പണവും സ്വര്‍ണവും മൊബൈല്‍ഫോണും കവര്‍ന്നു. ബെംഗളൂരു കോട്ടണ്‍പേട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ലത(40)യെയാണ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
ലതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നതായാണ് പോലീസ് പറയുന്നത്. സംഭവസമയത്ത് ലത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ ഭര്‍ത്താവ് പ്രകാശ് ബെംഗളൂരുവിലെ വസ്ത്രവ്യാപാരിയാണ്. ഇദ്ദേഹം കടയിലായിരുന്നു. മകള്‍ ജോലിക്കും മകന്‍ സ്‌കൂളിലും പോയതായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ലതയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.

മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ലതയുടെ കൊലപാതകം. മകളുടെ വിവാഹത്തിനായി കുടുംബം സ്വരൂപിച്ച പണവും സ്വര്‍ണവുമാണ് വീട്ടില്‍നിന്ന് നഷ്ടപ്പെട്ടതെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബവുമായി ബന്ധമുള്ളവരെയും പോലീസ് ചോദ്യംചെയ്തുവരികയാണ്.