CrimeNEWS

ബേപ്പൂര്‍ ലോഡ്ജിലെ കൊലപാതകത്തില്‍ പ്രതി വലയില്‍; അമ്മയെ ഫോണ്‍വിളിച്ചത് തുമ്പായി, തൂത്തുക്കുടിയിലേക്ക് പോകുന്നതിനിടെ ആളെ തൂക്കി

കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യത്തൊഴിലാളിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. കൊല്ലം സ്വദേശിയായ സോളമനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതിയായ കൊല്ലം വാടിക്കല്‍ മുദാക്കര ജോസി(35)നെ ഫറോക്ക് എസിപി എ.എം. സിദ്ദീഖിന്റെ കീഴിലുള്ള സ്പെഷ്യല്‍ സ്‌ക്വാഡും ബേപ്പൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി ആലപ്പുഴയിലെ പുന്നപ്രയില്‍നിന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടിയിലേക്ക് പോകുന്നതിനിടെയാണ് പോലീസിന്റെ വലയിലായത്.

ശനിയാഴ്ച രാവിലെയാണ് ബേപ്പൂര്‍ ഹാര്‍ബര്‍ റോഡ് ജങ്ഷനിലെ ത്രീസ്റ്റാര്‍ ലോഡ്ജിലെ മുറിയില്‍ സോളമനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിയായ ജോസ് സ്ഥലത്തുനിന്ന് മുങ്ങിയിരുന്നു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

Signature-ad

പ്രതിയുടെ സുഹൃത്തായ അനീഷ് എന്നയാളാണ് ലോഡ്ജില്‍ മുറി വാടകയ്ക്കെടുത്തിരുന്നത്. അനീഷും ജോസും ഉള്‍പ്പെടെ നാലുപേരാണ് ഇവിടെ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ബാക്കി മൂന്നുപേരും നാട്ടിലേക്ക് പോയെങ്കിലും ജോസ് മാത്രം ലോഡ്ജില്‍ തങ്ങി. തുടര്‍ന്ന് രാത്രി ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ജോസ് സോളമനെ യാദൃശ്ചികമായി പരിചയപ്പെട്ടത്. കൊല്ലത്ത് മൂന്നുകിലോമീറ്റര്‍ ദൂരത്തിനുള്ളിലായിരുന്നു ഇരുവരുടെയും വീടുകള്‍. തുടര്‍ന്ന് മുറിയിലെത്തിയ ഇരുവരും മദ്യപിച്ചെന്നും ഇതിനുപിന്നാലെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം മൊബൈല്‍ഫോണ്‍ ഓഫ് ചെയ്തതും കോഴിക്കോട്, കൊല്ലം റെയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങളുടെ ലഭ്യതക്കുറവും പ്രതിയെ കണ്ടെത്തുന്നതില്‍ തുടക്കത്തില്‍ വെല്ലുവിളിയായി.

ബേപ്പൂരില്‍നിന്ന് മുങ്ങിയ പ്രതി കൊല്ലം, കായംകുളം, കന്യാകുമാരി, തിരുവനന്തപുരം, കുരീപ്പുഴ, പുന്നപ്ര തുടങ്ങിയ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചുവരികയായിരുന്നു. ഇതിനിടെ കായംകുളത്തുവെച്ച് പ്രതി ഒരു അപരിചിതനില്‍നിന്ന് ഫോണ്‍ വാങ്ങി അമ്മയെ വിളിച്ചു. ഇത് പോലീസിന് തുമ്പായി. തുടര്‍ന്ന് കായംകുളത്തെത്തിയ അന്വേഷണസംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതി സഞ്ചരിച്ച അതേ വഴികളിലൂടെ നീങ്ങി. തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചെ പുന്നപ്രയിലെ ഒരു അകന്നബന്ധുവിന്റെ വീട്ടിലെത്തിയ പ്രതി ഇവിടെനിന്ന് വസ്ത്രംമാറി തൂത്തുക്കൂടിയിലേക്ക് പോകുന്നതിനിടെയാണ് പോലീസിന്റെ വലയിലായത്.

Back to top button
error: