
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ നേതാക്കള്‍ക്ക് പുറമേ പാര്‍ട്ടിയെ പ്രതിയാക്കിയത് അത്യപൂര്‍വ നടപടി. കോടതി നടപടികള്‍ നേരിടേണ്ടി വരിക ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നയാളാണ്. പാര്‍ട്ടിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം .കേസില്‍ 68ാം പ്രതിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്.
രാജ്യത്ത് രണ്ടാം തവണയാണ് ഇഡി ഒരു കേസില്‍ രാഷ്ട്രീയ പാര്‍ട്ടിയെ പ്രതി ചേര്‍ക്കുന്നത്. ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ആം ആദ്മി പാര്‍ട്ടിയെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനൊപ്പം പ്രതിഢചേര്‍ത്തിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഫയല്‍ ചെയ്യപ്പെട്ട നാഷണല്‍ ഹെറാള്‍ഡ് കേസില്‍ അടക്കം നേതാക്കന്മാരെ പ്രതി ചേര്‍ത്തതല്ലാതെ പാര്‍ട്ടിയെ പ്രതിചേര്‍ത്തിട്ടില്ല.

സിപിഎം ജില്ലാ സെക്രട്ടറി പദവി വഹിക്കുന്ന ആളാണ് കരുവന്നൂര്‍ കള്ളപ്പണം ഇടപാട് കേസില്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് കോടതി നടപടികള്‍ നേരിടേണ്ടിവരിക. ബാങ്കിലെ നിക്ഷേപകരുടെ പണം ബിനാമി വായ്പകള്‍ ആയി അനുവദിപ്പിച്ച് കമ്മീഷന്‍ തട്ടിയെടുത്തു. ഈ തുക പാര്‍ട്ടിയുടെ അഞ്ചു രഹസ്യ അക്കൗണ്ടുകളില്‍ സൂക്ഷിച്ചു, ഈ പണം ഉപയോഗിച്ച് സ്വത്തും കെട്ടിടങ്ങളും സമ്പാദിച്ചു, ലോക്കല്‍ കമ്മിറ്റിയുടെ ചിലവുകള്‍ തെരഞ്ഞെടുപ്പ് യോഗങ്ങള്‍ നടത്താനുള്ള ചിലവുകള്‍ ഓഫീസ് ഫര്‍ണിച്ചര്‍ വാങ്ങല്‍ തുടങ്ങിയവക്കും കള്ളപ്പണം വിനിയോഗിച്ചു, ബാങ്ക് ഭരണസമിതിക്ക് മുകളില്‍ പാര്‍ട്ടി സബ് കമ്മിറ്റിയും പാര്‍ലമെന്ററി പാര്‍ട്ടി ഫ്രാക്ഷനും ഉണ്ടാക്കി കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തു തുടങ്ങിയവയാണ് പാര്‍ട്ടിക്കെതിരെയുള്ള കണ്ടെത്തലുകള്‍.