Breaking NewsKeralaNEWS

മഞ്ചേരി നഗരസഭയിൽ വൈസ് ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കി!! മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ബീനാ ജോസഫ് ബിജെപി സ്വതന്ത്ര സ്ഥാനാർഥി? കൂടിക്കാഴ്ച നടത്തി, എംടി രമേശുമായി കക്ഷി- വക്കീൽ ബന്ധം മാത്രം: ബീനാ ജോസഫ്

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എൻഡിഎ തീരുമാനം എങ്ങുനെത്താതെ നീളുന്നതിനിടെ മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി ബീനാ ജോസഫും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്നു രാവിലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി ബീനയെ മത്സരിപ്പിക്കാൻ ബിജെപി ശ്രമിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ ഇക്കാര്യ ബീനയും എംടി രമേശും നിഷേധിച്ചു. അഭിഭാഷക എന്ന നിലയിൽ ഒരു കേസുമായി ബന്ധപ്പെട്ടാണ് രമേശ് കാണാൻ വന്നത്, നിലവിൽ യുഡിഎഫിന്റെ സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തനത്തിന് ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നതെന്നും ബീനാ ജോസഫ് പറഞ്ഞു.

‘‘ഒരു വക്കീൽ എന്ന നിലയ്ക്ക് കാണാൻ വന്നതാണ്. അതിന്റെ വിശദാംശങ്ങൾ പുറത്തു പറയുന്നത് ശരിയല്ല. നിലവിൽ യുഡിഎഫിന്റെ സ്ഥാനാർഥിക്കു വേണ്ടി പ്രവർത്തനത്തിന് ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നയാളാണ്. സ്ഥാനാർഥിയാകാൻ താൽപര്യമില്ല.’’– ബീനാ ജോസഫ് പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറിയായ ഒരാളെ എങ്ങനെ ബിജെപി സ്ഥാനാർഥിയായി പരിഗണിക്കുമെന്ന് എംടി രമേശ് ചോദിച്ചു. നിലമ്പൂരിനെ സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്. എൻഡിഎ യോഗത്തിലാണ് അന്തിമതീരുമാനം എടുക്കേണ്ടത്. മത്സരിക്കാൻ മുന്നണി തീരുമാനിച്ചാൽ എല്ലാ സാധ്യതകളും നോക്കും.’’– എം.ടി.രമേശ് പറഞ്ഞു.

Signature-ad

അതേസമയം നിലമ്പൂർ മണ്ഡലത്തിലെ മണിമൂളി സ്വദേശിയായ ബീനാ ജോസഫ് കെഎസ്‌യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും രാഷ്ട്രീയത്തിൽ എത്തിയ നേതാവാണ്. മഞ്ചേരി നഗരസഭയിൽ വൈസ് ചെയർമാനായിരുന്ന ബീനയെ അടുത്തിടെ സ്ഥാനത്തുനിന്നു മാറ്റിയിരുന്നു. ഇതിനു പിന്നിൽ എപി അനിൽകുമാർ എംഎൽഎയുടെ ഇടപെടൽ ആണെന്നുള്ള ആരോപണവും ബീന ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബീനയെ ബിജെപി സമീപിച്ചത്.

നിലവിൽ നിലമ്പൂരിൽ ബിഡിജെഎസ് മത്സരിക്കണമെന്ന നിലപാടിലാണ് ബിജെപി. പാർട്ടി തീരുമാനം ആയിട്ടില്ലെന്നും വൈകാതെ ചർച്ച ചെയ്യുമെന്നും ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. വിദേശത്തേക്കു പോയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നാളെ തിരിച്ചെത്തും. വെള്ളിയാഴ്ച തീരുമാനമുണ്ടാകാനാണ് സാധ്യത. അതേസമയം മത്സരിക്കേണ്ട കാര്യമില്ലെന്ന അഭിപ്രായം ബിജെപിയിലെ ഒരു വിഭാഗം നേതാക്കളിൽ ഇപ്പോഴും ശക്തമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കിട്ടിയതിലും വോട്ട് താഴേക്കുപോയാലുള്ള ചർച്ചകളെയും നേതൃത്വം ആശങ്കയോടെ കാണുന്നു. ഇതുകൂടി കണക്കിലെടുത്താണ് മത്സരിക്കാൻ ബിഡിജെഎസിനോട് ആവശ്യപ്പെട്ടത്.

Back to top button
error: