
വയനാട്: ഞായറാഴ്ച മാനന്തവാടി തിരുനെല്ലിയില്‍ കൊല്ലപ്പെട്ട യുവതിയുടെ മകളെയും കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ യുവാവിനെയും കണ്ടെത്തി. അപ്പപ്പാറ വാകേരിയില്‍ കൊല്ലപ്പെട്ട പ്രവീണയുടെ ഒന്‍പതു വയസ്സുള്ള മകള്‍ അബിന, കുറ്റകൃത്യം നടത്തിയ ശേഷം ഒളിവില്‍ പോയ ദിലീഷ് എന്നിവരെയാണ് തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.
എടയൂര്‍ക്കുന്ന് സ്വദേശി പ്രവീണ (34) ആണ് ഞായറാഴ്ച വെട്ടേറ്റു മരിച്ചത്. ഇവര്‍ക്കൊപ്പം താമസിച്ചു വന്ന ദിലീഷ് എന്ന യുവാവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവുമായി അകന്നുകഴിയുന്ന പ്രവീണ ദിലീഷിനൊപ്പം താമസിച്ചുവരികയായിരുന്നുവെന്നാണ് വിവരം. പ്രവീണയുടെ മൂത്ത മകള്‍ അനര്‍ഘ(14) കഴുത്തിനും ചെവിക്കും പരുക്കേറ്റ് വയനാട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 14 വയസ്സുള്ള ഈ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഈ കുട്ടി അപകടനില തരണം ചെയ്തു വരികയാണ്.
മാനന്തവാടിയില്‍ യുവതിയെ കാമുകന്‍ കുത്തിക്കൊന്നു; മൂത്ത കുട്ടിക്കു വെട്ടേറ്റു, ഇളയ കുട്ടിയെ കാണാനില്ല

വന്യജീവി ശല്യമുള്ള എസ്റ്റേറ്റ് മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്തുളള വീട്ടില്‍നിന്നു കുട്ടിയെ കാണാതായത് ഏറെ ആശങ്ക ഉയര്‍ത്തിയിരുന്നു. വന്യമൃഗങ്ങള്‍ ഏറെയുള്ള പ്രദേശത്ത് പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയായി. അഗ്‌നിരക്ഷാ സേനയും പൊലീസും വനംവകുപ്പും സംയുക്തമായാണ് തിരച്ചിലില്‍ ഏര്‍പ്പെട്ടത്. അന്വേഷണത്തിന്റെ ഭാഗമായി ഫൊറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.