KeralaNEWS

ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല രാജിവച്ചത്; നിലമ്പൂരില്‍ അതൃപ്തി പരസ്യമാക്കി അന്‍വര്‍, മത്സരിക്കാന്‍ സാദ്ധ്യത

തിരുവനന്തപുരം: യുഡിഎഫ് പ്രവേശനം വൈകുന്നതില്‍ അതൃപ്തി പ്രകടമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വര്‍. അസോസിയേറ്റഡ് മെമ്പറാക്കുമെന്ന് പറഞ്ഞത് നടപ്പായില്ല. ഇതില്‍ തന്റെ പ്രവര്‍ത്തകര്‍ക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് പി വി അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അംഗീകരിക്കില്ലെന്നും അന്‍വര്‍ സൂചന നല്‍കി. ആരെയെങ്കിലും എംഎല്‍എ ആക്കാനല്ല രാജിവച്ചത്, സ്ഥാനമോഹികള്‍ക്ക് മത്സരിക്കണമെങ്കില്‍ പത്തുമാസത്തിനിപ്പുറം നൂറിലേറെ സീറ്റുകള്‍ ഒഴിവുണ്ടല്ലോയെന്നാണ് അന്‍വര്‍ ചോദിച്ചത്.

‘പി വി അന്‍വറും യുഡിഎഫും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടും എന്നതിനര്‍ത്ഥം യുഡിഎഫില്‍ അല്ല എന്നല്ലേ? അപ്പോഴും ഞാന്‍ പുറത്തല്ലേ? സ്ഥാനാര്‍ത്ഥിയെ അവര്‍ തീരുമാനിക്കട്ടെ. യുഡിഎഫ് പ്രവേശനം നീട്ടുന്നതില്‍ അനുയായികള്‍ക്ക് സ്വാഭാവികമായ അതൃപ്തിയുണ്ട്. അസോസിയേറ്റഡ് മെമ്പര്‍ ആക്കുന്നതുപോലും ഇപ്പോഴും നടന്നിട്ടില്ല. മത്സരമോഹികള്‍ക്ക് മത്സരിക്കാന്‍ ഇഷ്ടംപോലെ സ്ഥലവും സൗകര്യവുമുണ്ട്. മത്സരിക്കുക എന്നതിനപ്പുറം പിണറായിയെ തോല്‍പ്പിക്കുക എന്നതാണല്ലോ മുഖ്യം. കേരളത്തില്‍ ഇനിയും പിണറായി അധികാരത്തില്‍ വരുമെന്ന വ്യാജപ്രചാരണങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ അതല്ല വസ്തുതയെന്ന് കേരളത്തിലെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുക എന്നതുകൂടി ഉദ്ദേശിച്ചാണ് ഞാന്‍ രാജിവച്ചത്’- പി വി അന്‍വര്‍ വ്യക്തമാക്കി.

Signature-ad

യുഡിഎഫ് പ്രവേശനം ഉടന്‍ വേണമെന്നാണ് അന്‍വര്‍ ആവശ്യപ്പെടുന്നത്. സഹകരണം മാത്രം പോരെന്നും ഘടക കക്ഷിയായി തൃണമൂലിനെ ഉള്‍പ്പെടുത്തണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മത്സരിക്കാനിറങ്ങുമെന്ന സൂചനയും പി വി അന്‍വര്‍ നല്‍കുന്നു. വനം-വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് താന്‍ മുന്നോട്ടുവച്ച വിഷയം ഏറ്റവും നന്നായി ഏറ്റെടുത്ത് ചെയ്യാനുള്ള യോഗ്യതയുള്ള സ്ഥാനാര്‍ത്ഥി വി എസ് ജോയ് ആയതിനാലാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചതെന്നും പി വി അന്‍വര്‍ വ്യക്തമാക്കി.

Back to top button
error: