
ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 19നാണ് ഉപതിരഞ്ഞെടുപ്പ്. 23ന് വോട്ടെണ്ണല്‍. ഇടതു സ്വതന്ത്രനായി വിജയിച്ച പി.വി.അന്‍വര്‍ രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലപ്പുറം ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഗുജറാത്തിലെ കഡി (എസ്സി), വിസാവദര്‍ മണ്ഡലങ്ങളിലേക്കും പഞ്ചാബിലെ വെസ്റ്റ് ലുധിയാന, ബംഗാളിലെ കാളിഗഞ്ച് എന്നീ മണ്ഡലങ്ങളിലേക്കും ഉപതിരഞ്ഞെടുപ്പ് 19ന് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തെ ആകെ അഞ്ച് മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്.
വിജ്ഞാപനം നാളെ നിലവില്‍വരും. ജൂണ്‍ രണ്ട് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. മൂന്നിന് സൂക്ഷ്മ പരിശോധന, നാമനിര്‍ദേശപത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി ജൂണ്‍ 5 ആണ്. ഉപതിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണമെന്ന ആവശ്യമുന്നയിച്ച് പി.വി.അന്‍വര്‍ നേരത്തേ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്‍കിയിരുന്നു. എല്‍ഡിഎഫ്, യുഡിഎഫ് പോരാട്ടത്തിനപ്പുറം അന്‍വറിന്റെ രാഷ്ട്രീയ ഭാവി കൂടി നിര്‍ണയിക്കുന്ന ഉപതിരഞ്ഞെടുപ്പാണു വരുന്നത്.

നിലമ്പൂര്‍ ഉള്‍പ്പെടെ രാജ്യത്തെ എട്ടു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കു തുടക്കം കുറിച്ചു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ നേരത്തേ വിജ്ഞാപനം ഇറക്കിയിരുന്നു. എട്ടിടത്തും അന്തിമ വോട്ടര്‍പട്ടികയും തയാറായിരിക്കുകയായിരുന്നു. ഈ മാസം അവസാനത്തോടെ എട്ടിടത്തും ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അഞ്ചിടത്തു മാത്രമാണ് ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കശ്മീരിലെ നഗ്രോട്ട, ബുദ്ഗാം, മണിപ്പുരിലെ തദുബി എന്നീ മണ്ഡലങ്ങളായിരുന്നു ബാക്കിയുള്ളവ.
ഇതില്‍ കശ്മീരിലെ രണ്ടു മണ്ഡലങ്ങള്‍ ഒക്ടോബര്‍ മുതല്‍ ഒഴിഞ്ഞുകിടക്കുകയാണ്. നിയമപ്രകാരം ഇവിടെ ഉപതിരഞ്ഞെടുപ്പു നടക്കേണ്ട സമയപരിധി ഏപ്രിലില്‍ അവസാനിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പ്രത്യേക അധികാരം ഉപയോഗിച്ചു തിരഞ്ഞെടുപ്പു കമ്മിഷന് ഇതു നീട്ടിവയ്ക്കാം. ഗുജറാത്ത്, മണിപ്പുര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ രണ്ടു വര്‍ഷത്തിലേറെയുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടപ്രകാരം നിയമസഭാ മണ്ഡലത്തില്‍ ഒഴിവു വന്ന് ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പു നടത്തിയാല്‍ മതി. മണിപ്പുരില്‍ ആറു മാസ കാലാവധിയായിട്ടില്ല. നിലമ്പൂരില്‍ ജൂലൈ 12നാണ് ഈ ആറുമാസ കാലാവധിയെത്തുക.
നിയമസഭയ്ക്ക് ഒരു വര്‍ഷത്തെ കാലാവധി ബാക്കിയുണ്ടെങ്കില്‍ നിര്‍ബന്ധമായും ഉപതിരഞ്ഞെടുപ്പു നടത്തണമെന്നു നേരത്തേ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. കേരള നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷത്തിലേറെ ബാക്കിയുണ്ടായിരുന്ന ജനുവരി 13നാണു പി.വി.അന്‍വര്‍ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജിവച്ചത്. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അന്‍വര്‍ നേരത്തേ പറഞ്ഞിരുന്നു.