മരിച്ചുപോയോ എന്നു ചോദിച്ചവരുണ്ട്, കാന്‍സറാണെന്നു പറഞ്ഞപ്പോള്‍ ‘ഫൈറ്റ് ചെയ്യടാ, നമ്മളൊക്കെ ഇവിടെ 200 കൊല്ലം ജീവിക്കാന്‍ വന്നവരല്ലേ എന്നു മമ്മൂട്ടി പറഞ്ഞു; ഇനിയും അഭിനയിക്കും; പടങ്ങള്‍ നിര്‍മിക്കും: മണിയന്‍പിള്ള രാജു

കഴിഞ്ഞ വർഷം ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെട്ട നടൻ മണിയൻപിളള രാജുവിന്‍റെ രൂപം ആരാധകരെ ഞെട്ടിച്ചിരുന്നു. താരത്തിന് എന്ത് പറ്റി എന്നുളള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നതിനിടെയാണ് താൻ കാൻസർ സർവൈവർ ആണെന്ന് വെളിപ്പെടുത്തി മണിയൻപിളള രാജു തന്നെ രംഗത്ത് വന്നത്.
കാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ ആ ഒരു സെക്കന്‍ഡ് താന്‍ തളര്‍ന്ന് പോയെന്നും മമ്മൂട്ടിയെ വിളിച്ച് പറഞ്ഞപ്പോള്‍ ഫൈറ്റ് ചെയ്യണമെടാ. നമ്മളൊക്കെ ഇവിടെ 200 കൊല്ലം ജീവിക്കാന്‍ വന്നവരല്ലേ എന്ന് പറഞ്ഞെന്നും മണിയന്‍ പിള്ള പറയുന്നു. താന്‍ മരിച്ച് പോയോ എന്ന് തന്നോട് തന്നെ വിളിച്ച് ചോദിച്ച ഒരാളുണ്ടെന്നും മണിയന്‍പിള്ള രാജു വെളിപ്പെടുത്തി. താന്‍ ഇനിയും ഫൈറ്റ് ചെയ്യും , തുടര്‍ന്നും അഭിനയിക്കും , പടങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുമെന്ന് മണിയന്‍ പിള്ള പറയുന്നു.

മണിയൻപിള്ള രാജുവിന്‍റെ വാക്കുകള്‍
നിസ്സാര കാര്യങ്ങള്‍ക്ക് തളരുകയും വിഷമിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. പക്ഷേ അത് നിമിഷങ്ങള്‍ മാത്രമേ നില്‍ക്കുകയുളളൂ. പിന്നെ അതില്‍ നിന്ന് വേഗത്തില്‍ തിരിച്ച് വരും. കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ ആ ഒരു സെക്കന്‍ഡ് താന്‍ തളര്‍ന്ന് പോയി. എന്റെ ജീവിതം ഇവിടെ തീര്‍ന്നല്ലോ, ഇനി എന്താണ് ചെയ്യുക. പിന്നെ താന്‍ ആലോചിച്ചു, പൊരുതുക തന്നെ.
മമ്മൂട്ടിയെ വിളിച്ച് പറഞ്ഞു, അദ്ദേഹം പറഞ്ഞു, ഫൈറ്റ് ചെയ്യണമെടാ. നമ്മളൊക്കെ ഇവിടെ 200 കൊല്ലം ജീവിക്കാന്‍ വന്നവരല്ലേ, നീ ഫൈറ്റ് ചെയ്യെടാ എന്ന്. ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവിടുത്തെ നഴ്‌സുമാര്‍ പറയും, ഇങ്ങനെ വയ്യാതെ കിടക്കുമ്പോഴും തന്റെ കുട്ടിത്തം മാറിയിട്ടില്ല എന്ന്. എല്ലാവരിലും ഒരു കുട്ടിത്തം കാണും. നഴ്‌സുകാരൊക്കെ എത്രയോ രോഗികളേയും മരണങ്ങളും കാണുന്നവരാണ്. പക്ഷേ അവര്‍ക്ക് തന്നോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. അവര്‍ പറയും, ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ട് എന്ന്.
പരിചയമില്ലാത്ത ഒരുപാട് പേര്‍ തന്നെ വഴിയില്‍ വെച്ച് കാണുമ്പോള്‍ പറയും, സാറിന്റെ ആരോഗ്യം പൂര്‍ണമായി തിരിച്ച് കിട്ടട്ടെ, രാജുവേട്ടന്‍ തിരിച്ച് വരും എന്നൊക്കെ. അതൊക്കെ തനിക്ക് ഒരു പ്രചോദനം ആയിരുന്നു. ഇപ്പോള്‍ അയ്യോ കാന്‍സര്‍ വന്നല്ലോ, എല്ലാം തീര്‍ന്നല്ലോ എന്നൊരു വിചാരം ഇല്ല. ഇനിയും ഫൈറ്റ് ചെയ്യും, ഇനിയും അഭിനയിക്കും, പടങ്ങള്‍ നിര്‍മ്മിക്കും, ആ ഒരു തീരുമാനത്തിലാണ് മുന്നോട്ട് പോകുന്നത്.
ചിലര്‍ വിവരമില്ലായ്മ കൊണ്ട് പൊതുസ്ഥലത്തൊക്കെ വച്ച് നമ്മളെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പറയും. ഞാന്‍ മരിച്ച് പോയോ എന്ന് തന്നോട് തന്നെ വിളിച്ച് ചോദിച്ച ഒരാളുണ്ട്. ചേട്ടാ, ഉള്ളതാണോ ഈ കേള്‍ക്കുന്നത്, ചേട്ടന്‍ മരിച്ചുവെന്ന്. എന്തൊരു മണ്ടന്‍ ചോദ്യമാണ് നിങ്ങളീ ചോദിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചു. അല്ല ചേട്ടാ സിനിമയില്‍ ആയത് കൊണ്ട് പലരും പലതും പറയും, അത് കൊണ്ട് ചോദിച്ചെന്നേ ഉളളൂ എന്നാണ് അയാള്‍ പറഞ്ഞത്.